യമനില്‍ സഖ്യസേന വ്യോമാക്രമണം ശക്തമാക്കി: അതിര്‍ത്തിയില്‍ നിരവധി ഹൂത്തികള്‍ കൊല്ലപ്പെട്ടു
റിയാദ്: യമനില്‍ വിഘടന വാദികളായ ഇറാന്‍ അനുകൂല ഹൂത്തികള്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കി. യമന്‍ തലസ്ഥാനമായ സന്‍ആ കേന്ദ്രീകരിച്ച് ഹൂത്തികള്‍ സര്‍ക്കാര്‍ രൂപീകരിച്ചെന്ന വാര്‍ത്ത രണ്ട് ദിവസം മുന്‍പ് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യസേന ആക്രമണം കൂടുതല്‍ ശക്തമാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി സഖ്യസേന ഹൂത്തികളെ ലക്ഷ്യമാക്കി നടത്തിയ ശക്തമായ ആക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ഹൂത്തികളുടെ കീഴിലുള്ള തീരനഗരമായ ഹുദൈദ തുറമുഖത്ത് നടത്തിയ ആക്രമണത്തില്‍ റഡാറുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.
നാവിക ആസ്ഥാനം തകര്‍ക്കാനും റഡാറുകള്‍ നശിപ്പിക്കാനുമായി നിരവധി ബോംബുകള്‍ ഇവിടെ വര്‍ഷിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ സന്‍ആയിലെ ഹൂത്തി കേന്ദ്രങ്ങളിലും ആക്രമണം നടത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹൂത്തി നേതൃനിരയിലെ ഉന്നതരായ പലയാളുകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സഖ്യസേന വ്യക്തമാക്കി.
യമന്‍ സഊദി അതിര്‍ത്തിയില്‍ സഖ്യസേന അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ഹൂത്തികളും റിപ്പബ്ലിക്കന്‍ ഗാര്‍ഡ് ഓഫീസര്‍മാരും കൊല്ലപ്പെട്ടു.
സഊദിയിലേക്ക് റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് ഹൂത്തികളുടെ രൂക്ഷമായ ആക്രമണത്തെ തുടര്‍ന്നാണ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്.
കൂടാതെ മക്കയുടെ തെക്ക് ഭാഗത്തെ അതിര്‍ത്തിയായ അസീര്‍ പ്രവിശ്യയിലും സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലും ഹൂത്തി വിഭാഗത്തിന് കനത്ത നാശനഷ്ടമാണ് വരുത്തിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."