ഫയലുകള്‍ തിരിച്ചെടുക്കാന്‍ പോംവഴിയില്ല റാന്‍സംവേര്‍ വൈറസ് തൊഴില്‍ മേഖലയേയും പ്രതിസന്ധിയിലാക്കുന്നു
ചെറുവത്തൂര്‍: സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്‌റ്റോ വൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ തൊഴില്‍ മേഖലയേയും പ്രതിസന്ധിയിലാക്കുന്നു. ഒരു മാസത്തിനിടയില്‍ ജില്ലയിലെ നൂറുകണക്കിനു കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കാണു റാന്‍സംവേര്‍ എന്നറിയപ്പെടുന്ന മാല്‍വേറിന്റെ പിടിയില്‍ ഫയലുകള്‍ നഷ്ടമായിരിക്കുന്നത്. ആദ്യമൊക്കെ സ്വകാര്യ ലാപ്‌ടോപ്പുകളിലാണു വൈറസ് എത്തിയിരുന്നതെങ്കില്‍ സ്റ്റുഡിയോ, ഇന്റര്‍ നെറ്റ് കഫേകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ കംപ്യൂട്ടറുകളിലും വൈറസ് എത്തിയതു വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കാലിക്കടവിലെ ഒരു ഡിസൈനര്‍ക്കു മാസങ്ങളോളം എടുത്തു തയാറാക്കിയ സ്മരണികയിലെ പേജുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം നഷ്ടമായി. അടുത്ത ദിവസം പ്രകാശനം ചെയ്യേണ്ട സ്മരണിക ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ എങ്ങനെ വീണ്ടും തയാറാക്കും എന്ന പ്രതിസന്ധിയിലാണ് ഇദ്ദേഹം.
വൈറസ് അക്രമണത്തില്‍ ഒരേ മാതൃകയാണു പിന്തുടരുന്നത്. സിസ്റ്റത്തില്‍ കടന്ന ഹാക്കര്‍മാര്‍ റാന്‍സംവേര്‍ ഉപയോഗിച്ചു ഫയലുകള്‍ മറ്റുള്ളവര്‍ക്കു മനസ്സിലാവാത്ത രീതിയിലേക്കു മാറ്റുകയും രഹസ്യ കീ നല്‍കുന്നതിനു പ്രതിഫലമായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഫയലുകള്‍ തിരിച്ചെടുക്കാന്‍ കപ്യൂട്ടര്‍ വിദഗ്ധര്‍മാര്‍ ഒട്ടേറെ പരിശ്രമിച്ചുവെങ്കിലും ഒരു ഫയല്‍പോലും തിരിച്ചെടുക്കാന്‍ കഴിയുന്നില്ല.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഒരു സ്റ്റുഡിയോയിലെ വര്‍ഷങ്ങളായുള്ള ഫയലുകള്‍ മുഴുവനും കഴിഞ്ഞ ദിവസം വൈറസ് അക്രമണത്തില്‍ തകിടം മറിഞ്ഞു. കംപ്യൂട്ടറുകളിലെ ബാക്കപ്പ് ഡാറ്റ കവര്‍ന്നെടുക്കുന്നതില്‍ ഹാക്കര്‍മാര്‍ വിദഗ്ധരായി വരുന്നതു വലിയ ആശങ്കകളാണ് ഉയര്‍ത്തുന്നത്.
ആന്റി വൈറസ് ഉള്ള കംപ്യൂട്ടറുകള്‍ക്കു പോലും റാന്‍സംവേര്‍ അക്രമണത്തില്‍ രക്ഷയില്ല എന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇ മെയില്‍ വഴിയാണ് വൈറസ് എത്തുന്നത് എന്നുപറയുണ്ടെങ്കിലും അതും ഉറപ്പിക്കാനാകുന്നില്ല.
നഷ്ടമായ ഫയലുകള്‍ തിരിച്ചെടുക്കാന്‍ പ്രതിവിധികളുമായി കംപ്യൂട്ടര്‍ വിദഗ്ധര്‍ ആരെങ്കിലും മുന്നോട്ടു വരുമോ എന്ന പ്രതീക്ഷയിലാണു വൈറസ് അക്രമണത്തില്‍ തൊഴില്‍ തന്നെ പ്രതിസന്ധിയിലായവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."