രോഗവും ദുരിതവും തളര്‍ത്തിയ ശ്രീകുമാറിന്റെ കുടുംബം സഹായം തേടുന്നു
ആയഞ്ചേരി: രോഗവും ദുരിതവും വിടാതെ പിന്തുടരുമ്പോഴും മേമുണ്ട പുല്ലാഞ്ഞിയില്‍ ശ്രീകുമാര്‍ പ്രതീക്ഷ കൈവിടുന്നില്ല. തല നീരുകെട്ടി പഴുക്കുന്ന അപൂര്‍വമായ അസുഖത്തിന്റെ വേദന തിന്നു ജീവിക്കുന്ന മകന്‍ രമിത്തിന് ഇമ തെറ്റാതെ കൂട്ടിരിക്കുകയാണ് ശ്രീകുമാറും ഭാര്യ രതിയും. വിധിയുടെ പരീക്ഷണങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴും അധ്വാനത്തിന്റെ കരുത്തില്‍ അവയെയൊക്കെ നേരിട്ട ശ്രീകുമാര്‍ പക്ഷെ ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ സങ്കടക്കടലിലാണ്. താന്‍ ക്ഷയരോഗത്തിന്റെ പിടിയിലാണെന്ന യാഥാര്‍ഥ്യമാണ് ശ്രീകുമാറിനെ തളര്‍ത്തുന്നത്.
20 വര്‍ഷം മുന്‍പാണു മകന്‍ രമിത്ത് അപൂര്‍വരോഗത്തിന്റെ പിടിയിലായതെന്ന് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത കൊച്ചുകൂരയിലിരുന്ന് ശ്രീകുമാര്‍ പറയുന്നു. കിടന്ന കിടപ്പില്‍ നിന്ന് ഒരിഞ്ചു മാറിക്കിടക്കാന്‍ പരസഹായം വേണമെന്നതിനാല്‍ എപ്പോഴും രമിത്തിനടുത്തു താനോ ഭാര്യയോ വേണമെന്ന് ശ്രീകുമാര്‍ പറഞ്ഞു. വേദനക്കും പഴുപ്പിനുമുള്ള ഡയമോക്‌സ് ഗുളികയാണ് ഏറെ കാലമായി രമിത്തിന് അല്‍പമെങ്കിലും ആശ്വസം പകരുന്നത്. ഗുളികയെങ്ങാന്‍ മുടങ്ങിയാല്‍ അസഹനീയമായ വേദന കാരണം രമിത്ത് അലറിക്കരയും. പ്രാരാബ്ധങ്ങള്‍ക്കിടയിലും രമിത്തിന്റെ ചികിത്സക്കായി ശ്രീകുമാര്‍ മുട്ടാത്ത വാതിലുകളില്ല. വിധിയുടെ പരീക്ഷണങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴും അവയൊക്കെ നേരിട്ട ശ്രീകുമാര്‍, ക്ഷയത്തിന്റെ പിടിയിലാണു താനെന്നുള്ള വിവരം അറിഞ്ഞതോടെ വല്ലാതെ തളര്‍ന്നിരിക്കുകയാണ്. വടകരയിലെ ഹോട്ടലില്‍ പൊറാട്ടപ്പണി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ എട്ടുമാസമായി ജോലിക്കു പോകുന്നില്ല.
ഒരു കിടപ്പുമുറി മാത്രമുള്ള കൂരയിലാണു മൂന്നംഗ കുടുംബം അന്തിയുറങ്ങുന്നത്. രമിത്തിന്റെ ചികിത്സക്കും വീട് നിര്‍മാണത്തിനുമായി കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ തറയുടെ നിര്‍മാണത്തിനുശേഷം തുടര്‍ പ്രവൃത്തി നിലച്ചു. ശ്രീകുമാറിന്റെ ഭാര്യ രതിയെ ഇടുപ്പ് വേദനയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടുന്നുണ്ട്. പ്രാരാബ്ധങ്ങള്‍ക്കിടയിലും സഹായം ചോദിക്കാന്‍ ശ്രീകുമാറിനു മടിയാണ്. മകന്റെ വിഷമാവസ്ഥ കണ്ടു സുമനസുകള്‍ നല്‍കുന്ന സഹായം ഉപയോഗിച്ചു വാങ്ങുന്ന ആഹാരത്തില്‍നിന്നു തനിക്കു ഭക്ഷിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ പോലും സൂക്ഷ്മത പുലര്‍ത്തുന്നയാളാണ് ശ്രീകുമാര്‍. ശ്രീകുമാറിന്റെ ഭാര്യ രതിയുടെ പേരില്‍ വടകര കനറാ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പര്‍ 0753108103662. ഐ.എഫ്.എസ്.സി കോഡ് ഇചഞആ 0000753.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."