കൊടിയത്തൂര്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ വിലസുന്നു; പ്രദേശവാസികള്‍ ഭീതിയില്‍
മുക്കം: കൊടിയത്തൂര്‍ തടായിക്കുന്ന് സന്ധ്യയോടെ മദ്യം, കഞ്ചാവ്, ചീട്ടുകളി സംഘത്തിന്റെ കേന്ദ്രമായി മാറുന്നു. ലഹരി മാഫിയ സംഘത്തിന് രാത്രി ഇവിടെ തങ്ങാനുള്ള പ്രത്യേക സൗകര്യം വരെ ഒരുക്കിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലിസുകാരില്‍ ചിലര്‍ ലഹരി മാഫിയക്ക് കൂട്ടുനില്‍ക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.
ആയിരക്കണക്കിന് വിദ്യാര്‍ഥികളുള്ള കൊടിയത്തൂര്‍ പി.ടി.എം ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,വാദി റഹ്മ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വാദി റഹ്മ ഓര്‍ഫനേജ് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. വൈകീട്ട് ആറു മണിയോടെയാണ് നാനാ ഭാഗങ്ങളില്‍ നിന്നായി ചീട്ടുകളി സംഘം എത്തുന്നത്. പല പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി വരികയും പോവുകയും ചെയ്യുന്നുണ്ട്.
അതിനാല്‍ സന്ധ്യയോടെ നാട്ടുകാര്‍ക്ക് ഈ ഭാഗത്തു കൂടി സഞ്ചരിക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും പേടിയാണ്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് വന്നു കുറേ ബൈക്കുകള്‍ കണ്ടെത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ജാഗ്രതാ സമിതി രൂപീകരിച്ച് ശക്തമായി നേരിടാന്‍ തയ്യാറെടുത്തിരിക്കുകയാണ് നാട്ടുകാര്‍. അതോടൊപ്പം പൊലിസിന്റെ ഭാഗത്തു നിന്ന് സഹായ സഹകരണവും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ കൊടിയത്തൂര്‍ കോട്ടമ്മലില്‍ രണ്ട് കടകള്‍ കുത്തിതുറന്നു സാധനങ്ങള്‍ മോഷ്ടിച്ചതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."