വ്യാജ കരംരസീത്; സ്ഥലം പോക്കുവരവിന് അപേക്ഷിച്ച തട്ടിപ്പുകാരന്‍ അറസ്റ്റില്‍
ചാവക്കാട്: വ്യാജ കരമടച്ച രസീത് ഉണ്ടാക്കി സ്ഥലം പോക്കുവരവ് നടത്തുന്നതിന് അപേക്ഷ നല്‍കിയ തട്ടിപ്പുകാരന്‍ അറസ്റ്റില്‍. തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കണ്ണംമ്പുഴ ജോയ് ഡാനിയേലിനെയാണ് (56) ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് തിരുവത്രയിലുള്ള 80 സെന്റ് സ്ഥലം മാള സ്വദേശിയായ സതീശന് വിറ്റിരുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. മണത്തല വില്ലേജില്‍ 22 എ സര്‍വ്വേ നമ്പറില്‍ പെട്ട സ്ഥലമാണ് വില്‍പ്പന നടത്തിയത്. 2015-2016ലെ കരമടച്ച രസീത് ഉപയോഗിച്ചാണ് പോക്കുവരവിന് അപേക്ഷ നല്‍കിയത്. ചാവക്കാട് താലൂക്ക് തഹസില്‍ദാര്‍ മണത്തല വില്ലേജ് ഓഫിസിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ വസ്തുവിന്റെ കരം 2004-2005 വരെ മാത്രമേ അടച്ചിട്ടുള്ളൂ എന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് തഹസില്‍ദാര്‍ ചാവക്കാട് പൊലിസില്‍ പരാതി നല്‍കി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ കരമടച്ച രസീത് വ്യാജമാണെന്ന് തെളിഞ്ഞു. ഇതിന് പുറമേ ഈ സ്ഥലത്തിന്റെ രേഖകള്‍ പണയപ്പെടുത്തി പ്രതി തൃശൂര്‍ എം.ഒ റോഡിലുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും തുക വായ്പയെടുത്തിരുന്നു. തുക തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് ജപ്തി നടപടിയിലാണ് സ്ഥലം. ഈ സംഭവം മറച്ചുവെച്ചാണ് പ്രതി സതീഷിന് സ്ഥലം വിറ്റതെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് തിരുവത്ര സ്വദേശിയായ കുടുംബിനി ഈ സ്ഥലം തങ്ങളുടേതാണെന്നും പ്രതിക്ക് ഇവര്‍ മുക്തിയാര്‍ എഴുതി നല്‍കിയിരുന്നെന്നും പറഞ്ഞ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ നിരവധി പൊലിസ് സ്‌റ്റേഷനുകളില്‍ തട്ടിപ്പിനും വഞ്ചനകുറ്റത്തിനും കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."