പെല്ലറ്റ് പ്രയോഗത്തില്‍ 12 വയസ്സുകാരന്‍ മരിച്ചു; ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യു
ശ്രീനഗര്‍:പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തില്‍ 12 വയസ്സുകാരന്‍ മരിച്ചതോടെ ശ്രീനഗറില്‍ വീണ്ടും പ്രതിഷേധം ശക്തമായി. ഇന്നലെ വൈകുന്നേരത്തോടെയാണ് സയ്‌പോറ നിവാസിയായ ജുനൈദ് അഹമ്മദ് സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.
പ്രതിഷേധമുണ്ടാക്കിയവരെ പിരിച്ചുവിടുന്നതിനാണ് സൈന്യം പെല്ലറ്റ് പ്രയോഗിച്ചത്. എന്നാല്‍ പ്രതിഷേധക്കാരുടെ ഇടയിലല്ലാതിരുന്ന ജുനൈദിനാണ് ഗുരുതരമായി പരുക്കേറ്റത്. തന്റെ വീടിന്റെ മുന്‍വശത്ത് നില്‍ക്കുകയായിരുന്നു ജുനൈദ്. സൈന്യം പെല്ലറ്റ് ആക്രമണം നടത്തിയപ്പോള്‍ പെല്ലറ്റുകള്‍ ജുനൈദിന്റെ തലയിലും നെഞ്ചിലും പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജുനൈദിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജുനൈദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നൂറോളം ആളുകള്‍ മൃതദേഹവുമായി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് റോഡിലിറങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. പെല്ലറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മേഖലയിലെ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. വ്യവസായ മേഖലയും സ്തംഭിച്ചിരിക്കുകയാണ്.
കശ്മീരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 90 ആയി. 10,000 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."