HOME
DETAILS
MAL
സ്ഥിരം സംഘര്‍ഷം; ആശുപത്രികളുടെ സുരക്ഷ ശക്തമാക്കി
backup
May 10 2016 | 08:05 AM
മെഡിക്കല്‍ കോളജ്: സ്ഥിരം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എസ്.എ.ടി, മെഡിക്കല്‍ കോളജ് എന്നിവടങ്ങളിലെ സുരക്ഷാ സംവിധാനം അധികൃതര്‍ ശക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് എസ്.എ.ടി ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടി കണക്കിലെടുത്താണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്. കൂടാതെ രാത്രികാലങ്ങളില്‍ രോഗികളുമായി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തുന്ന ചിലരും ഡോക്ടര്‍മാരും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലെത്തുന്നത് പതിവാണ്. ഈ രണ്ട് ആശുപത്രികളിലും പൊലിസ് എയ്ഡ് പോസ്റ്റില്‍ 24 മണിക്കൂറും പൊലിസ് സംവിധാനം ശക്തമാക്കുന്നത് കൂടാതെ സുരക്ഷാ ജീവനക്കാര്‍ക്ക് സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ഉള്‍പ്പെടെയുള്ള ബോധവത്കരണ ക്ലാസുകള്‍ നല്‍കാനും അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ആശുപത്രിക്കുള്ളില്‍ അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ സന്ദര്‍ശകരെ കടത്തിവിടാനും കൂടാതെ മദ്യപിച്ചെത്തുന്നവര്‍, അനധികൃത കച്ചവടക്കാര്‍, ലഘുലേഖകള്‍ നല്‍കാന്‍ എത്തുന്നവര്‍, രോഗികളുടെ രോഗശമനത്തിനായും നിലവിലെ അവസ്ഥയെ കുറിച്ച് അന്വേഷിക്കാനെത്തുന്ന ചില മതസംഘടനാ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. സംശയാസ്പദമായി ആശുപത്രി പരിസരത്ത് എത്തുന്നവരെ സുരക്ഷാ ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യാനും മറുപടി തൃപ്തികരമല്ലെങ്കില്‍ പൊലിസിനെ വരുത്തി സ്റ്റേഷനില്‍ എത്തിക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള സ്വാതന്ത്ര്യം സുരക്ഷാ ജീവനക്കാര്‍ക്ക് അധികൃതര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ട് എത്തുന്ന പൊതുജനങ്ങള്‍ക്ക് പരാതികള്‍ രേഖപ്പെടുത്താന്‍ ഇവിടെ പ്രത്യേക രജിസ്റ്ററുകള്‍ തയ്യാറാക്കിവയ്ക്കുകയും ആഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ പരിശോധിച്ച് പരിഹാരം കാണാനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."