പുലരാത്ത സമാധാനത്തിന്റെ പേരില്‍ ലഭിച്ച പുരസ്‌കാരം
ദക്ഷിണ അമേരിക്കയില്‍ വെനസ്വലയ്ക്കും ഇക്വഡോറിനുമിടയില്‍ കരീബിയന്‍ കടലിനോട് തൊട്ടുകിടക്കുന്ന രാജ്യമാണ് കൊളംബിയ. അരനൂറ്റാണ്ടിലേറെയായി കൊളംബിയ മേഖലയിലെ ഏറ്റവും അരക്ഷിതമായ രാജ്യമാണ്. ആധുനിക ലോകം കണ്ടതില്‍വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതും രക്തരൂക്ഷിതവുമായ ആഭ്യന്തര കലാപമാണ് കൊളംബിയയിലേതെന്ന് വിശേഷിപ്പിക്കാം.
52 വര്‍ഷമായി നീണ്ടു നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് നടത്തിയ ശ്രമത്തിനാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ സമാധാന പുരസ്‌കാരം നേടുന്ന പതിനഞ്ചാമത്തെ രാഷ്ട്രത്തലവനായി അദ്ദേഹം.
എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടില്ലെന്നതും അതിനുള്ള ശ്രമങ്ങള്‍ക്ക് ആ രാജ്യത്തെ ജനങ്ങള്‍ പിന്തുണ നല്‍കുന്നില്ലെന്നും ഉറപ്പായ സാഹചര്യത്തില്‍ സാന്റോസിന് ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരം നൊബേലിന്റെ ശോഭയുടെ മാറ്റ് കുറയ്ക്കുന്നുണ്ട്.
ഫര്‍ക് വിമതരും
കൊളംബിയയും
കൊളംബിയയിലെ ഇടത് ഗ്വറില്ലാ സായുധ വിഭാഗമാണ് റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫര്‍ക്). സര്‍ക്കാരുമായി നിരന്തര യുദ്ധത്തിലാണ് കഴിഞ്ഞ 52 വര്‍ഷമായി അവര്‍. ആഭ്യന്തര കലാപം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ഫര്‍ക് വിമതര്‍ ഒടുവില്‍ സന്നദ്ധമായി. പ്രസിഡന്റ് ജുവാന്‍ സാന്റോസുമായി നടത്തിയ കരാറിലാണ് അവര്‍ ഈ ഒത്തുതീര്‍പ്പിലെത്തിയത്. ഇരു പക്ഷവും 297 പേജുള്ള കരാറില്‍ ഒപ്പുവച്ചെങ്കിലും കഴിഞ്ഞ രണ്ടിന് നടന്ന ഹിതപരിശോധനയില്‍ ഫര്‍ക് വിമതരെ അംഗീകരിക്കാന്‍ ജനം വിസമ്മതിച്ചു.
നാലു വര്‍ഷം മുന്‍പാണ് ഫര്‍കുമായി സമാധാനത്തിലെത്താന്‍ സാന്റോസ് നീക്കം തുടങ്ങിയത്. ആദ്യഘട്ടങ്ങളില്‍ രഹസ്യചര്‍ച്ചകളും നീക്കുപോക്കുകളുമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്ക് സാന്റോസ് അകമഴിഞ്ഞ പിന്തുണയും ഒത്തുതീര്‍പ്പുകളും നടത്തി. എന്നാല്‍ ഇത് ജനഹിതത്തിന് എതിരായ സാഹചര്യത്തില്‍ സമാധാനത്തിന്റെ പേരില്‍ സാന്റോസ് വാഴ്ത്തപ്പെടുന്നത് കൊളംബിയന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും എതിര്‍പ്പുണ്ട്.
ഇവിടെ സമാധാനം എവിടെ?
തങ്ങളുടെ രാഷ്ട്രത്തലവന് ഞങ്ങള്‍ അനുഭവിക്കാത്ത സമാധാനത്തിന്റെ പേരില്‍ ലോക പുരസ്‌കാരം ലഭിച്ചതിലെ അതിശയോക്തിയാണ് കൊളംബിയയിലെ തെരുവുകളില്‍ കാണാനായതെന്ന് ഇന്നലെ കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫര്‍ക്കുമായി വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നുവെന്നാണ് അവകാശവാദം. എന്നാല്‍ സാധാരണക്കാര്‍ ഇരകളാകുന്ന ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇവിടെ പുതുതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ് കൊളംബിയയിലെ സാധാരണക്കാര്‍. സമാധാന കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ജനഹിതം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്രനാള്‍ തങ്ങളെ കൊന്നൊടുക്കിയവര്‍ക്ക് മാപ്പു നല്‍കി അവരെ സമൂഹമധ്യത്തില്‍ വെള്ളപൂശാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നു. ഫര്‍കിനെ രാഷ്ട്രീയപാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള എതിര്‍പ്പാണ് കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയില്‍ അവര്‍ തള്ളിയത്. സമാധാനം വേണ്ട എന്നല്ല നീതിയില്ലാതെ സമാധാനം വേണ്ട എന്നാണ് അവര്‍ വ്യക്തമാക്കിയത്.
സമാധാന ശ്രമം തുടരുന്നു
ഹിതപരിശോധനയില്‍ ജനം തള്ളിയെങ്കിലും സമാധാന ശ്രമം തുടരുമെന്നാണ് നൊബേല്‍ ജേതാവായ പ്രസിഡന്റ് സാന്റോസ് പറയുന്നത്. എന്നാല്‍ സാന്റോസ് ചതിയനാണെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. രണ്ടരലക്ഷം കൊളംബിയക്കാരുടെ ജീവനെടുത്ത യുദ്ധത്തിനു ആരാണ് ഉത്തരവാദിയെന്നും കൊല്ലപ്പെട്ടവരോട് നീതി നടപ്പാക്കാത്ത കരാര്‍ എങ്ങനെ അംഗീകരിക്കുമെന്നും അവര്‍ ചോദിക്കുന്നു. കൊളംബിയയിലെ സാധാരണ ജനത്തെ കാണാതെ സാന്റോസിന്റെ സമാധാനശ്രമങ്ങളെയാണ് നൊബേല്‍ പുരസ്‌കാര സമിതി പരിഗണിച്ചത്.
സാന്റോസിന്റെ രാഷ്ടീയം
ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന അല്‍വാരോ ഉറിബാണ് സാന്റോസിന്റെ രാഷ്ട്രീയഗുരു. 2006 ല്‍ മന്ത്രിസഭ അഴിച്ചുപണിഞ്ഞപ്പോഴാണ് സാന്റോസിന് മുന്‍ പ്രസിഡന്റായിരുന്ന അല്‍വാരോ ഉറിബ് പ്രതിരോധമന്ത്രി സ്ഥാനം നല്‍കിയത്. പിന്നീട് നിരവധി സൈനിക നീക്കങ്ങളിലൂടെ സാന്റോസ് ജനമനസ്സിലിടം നേടി. ഇക്വഡോറില്‍ ചെന്ന് ഫര്‍ക് നേതാവ് റൗള്‍ റെയസിനെ വധിച്ചു. തുടര്‍ന്ന് ഇക്വഡോറും കൊളംബിയയും തമ്മില്‍ യുദ്ധസാഹചര്യം ഉടലെടുത്തു. നാട്ടുകാരെ സൈന്യം വധിച്ച് അതിന്റെ ഉത്തരവാദിത്വം ഫര്‍കിന്റെ തലയില്‍ കെട്ടിവച്ചത് പിന്നീട് പൊളിഞ്ഞു. തുടര്‍ന്ന് ഉറിബിന്റെ നാളുകള്‍ എണ്ണപ്പെട്ടു. സാന്റോസ് തക്കം നോക്കി ഇടിച്ചുകയറുകയും ചെയ്തു. 2009 ല്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ചു 2010 ല്‍ പ്രസിഡന്റായി. പിന്നീട് സാന്റോസിന്റെ നയം മാറി.
സമാധാന വഴി ഇങ്ങനെ
2012 ഓഗസ്റ്റിലാണ് സാന്റോസിന്റെ നേതൃത്വത്തില്‍ ഫര്‍ക്കുമായി കൊളംബിയന്‍ സര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ വിമത കുറ്റവാളികളെ മറ്റ് രാജ്യങ്ങള്‍ക്ക് വിചാരണക്കായി വിട്ടുനല്‍കില്ലെന്ന് ഉറപ്പ് നല്‍കി. കരാറിലെത്താന്‍ സാന്റോസ് പലവിട്ടുവീഴ്ചകള്‍ക്കും തയാറായി. ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെയും നേതൃത്വത്തില്‍ സമാധാന കരാറിന് അന്തിമ രൂപമുണ്ടാക്കി. സമാധാനവും രാഷ്ട്രപുനര്‍നിര്‍മാണവും ലക്ഷ്യംവച്ചാണ് കരാര്‍ പൂര്‍ത്തിയാക്കിയതെന്ന് കരാറിന് നേതൃത്വം വഹിച്ച കൊളംബിയയും യു.എസും പറയുന്നു.
പൊതുജനത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വിമതരെ ജനാധിപത്യ മാര്‍ഗത്തിലേക്ക് കൊണ്ടുവരാനും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന വ്യവസ്ഥകളടങ്ങുന്ന കരാര്‍ ഇരുപക്ഷവും ചേര്‍ന്ന് ലോക നേതാക്കളുടെയും യു.എന്‍ സെക്രട്ടറി ജനറലിന്റെയും സാന്നിധ്യത്തില്‍ കഴിഞ്ഞ മാസമാണ് കൊളംബിയന്‍ തുറമുഖ നഗരമായ കാര്‍ട്ടജീനയില്‍ ഒപ്പുവച്ചത്. ഈ കരാറിന് ആഗോള സ്വീകാര്യത നേടിക്കൊടുക്കുകയെന്ന രാഷ്ട്രീയമാണ് സമാധാന നൊബേലിനു പിന്നിലെന്നാണ് കൊളംബിയന്‍ ജനതയുടെ ഹിതപരിശോധനാ ഫലം അടിവരയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."