പ്രതിയെന്നാരോപിച്ച് നിരപരാധിക്ക് മര്‍ദനം; സി.പി.എം പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു
നിലമ്പൂര്‍: വടപുറത്ത് അഞ്ചുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ആളുമാറി പൊലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ തൊഴിലാളിയേയും ഭാര്യയേയും മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചു സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിലമ്പൂര്‍ പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ തൈതോട്ടത്തില്‍ സക്കീറും ഭാര്യയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വടപുറത്തു കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം. അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത് ഇയാളാണെന്ന സംശയത്തില്‍ പൊലിസും ട്രോമാകെയര്‍ പ്രവര്‍ത്തകരും രാത്രി പതിനൊന്നിനു സക്കീറിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനല്ല എന്നു പറഞ്ഞിട്ടും പൊലിസും ട്രൊമാകെയര്‍ വളണ്ടിയര്‍മാരും മര്‍ദ്ദിക്കുകയായിരുന്നു.
തടയാനെത്തിയ ഭാര്യക്കും മര്‍ദ്ദനമേറ്റുവെന്നു പറയുന്നു.സക്കീറിനെയും ഇയാളുടെ ഓട്ടോറിക്ഷയും പൊലിസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ആവര്‍ത്തിച്ചിട്ടും ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സക്കീറിനെ പൊലിസ് മോചിപ്പിച്ചത്. ഇതിനിടയില്‍ സക്കീറിനെ കാണാനെത്തിയ ഭാര്യയെ പൊലീസ് അസഭ്യം പറഞ്ഞതായും പരാതിപ്പെട്ടാല്‍ ഭര്‍ത്താവിന്റെ പേരില്‍ കള്ളകേസെടുക്കുമെന്നും പറഞ്ഞുവത്രെ.
ഇതിനിടയില്‍ യഥാര്‍ഥ പ്രതി പിടിയിലാവുകയും ചെയ്തു. സ്റ്റേഷനില്‍ നിന്നുള്ള മോചനത്തിന് ശേഷം ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായ സക്കീറിന്റെയും ഭാര്യയുടെയും ഇന്റിമേഷന്‍ സ്റ്റേഷനിലെത്തിയിട്ടും ഇവരുടെ മൊഴിയെടുക്കാന്‍ ഇതുവരെ പൊലിസ് എത്തിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സി.പി.എം മമ്പാട് ലോക്കല്‍ സെക്രട്ടറി ബി.എം മുഹമ്മദ് റസാഖിന്റെ നേതത്വത്തില്‍ സി.പി.എം പ്രവര്‍ത്തകരും നാട്ടുകാരും ഇന്നലെ ഉച്ചയോടെ നിലമ്പൂര്‍ സ്റ്റേഷനിലെത്തിയത്. മര്‍ദ്ദനമേറ്റ സക്കീറിന്റെയും ഭാര്യയുടെ മൊഴിരേഖപ്പെടുത്തണമെന്നും ഇതില്‍ കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. എസ്.ഐ സ്ഥലതില്ലാത്തതിനാല്‍ സി.ഐയുടെ നിര്‍ദ്ദേശപ്രകാരം ഇവരില്‍ നിന്നുള്ള മൊഴി രേഖപ്പെടുത്തിയ ശേഷമാണു സി.പി.എം പ്രവര്‍ത്തകര്‍ മടങ്ങിയത്. നടപടിവേണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."