വരള്‍ച്ചയുടെ വക്കില്‍ വയനാട്
കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിലൂടെ കാര്‍ഷിക മേഖലയായ വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇതിന്റെ സൂചനയാണ് ഇത്തവണത്തെ കാലവര്‍ഷ കണക്കുകള്‍. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച ജില്ലയാണ് വയനാട്. മൊത്തം പെയ്യേണ്ട ശരാശരി മഴയില്‍ 59 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകള്‍. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്. കാലാവസ്ഥാ മാറ്റം മുന്‍കൂട്ടി കണ്ട് വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി തടയണകളും മറ്റും നിര്‍മിച്ച് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇത് ഏറെ ശ്ലാഘനീയമെങ്കിലും സര്‍ക്കാര്‍ തലത്തില്‍ മുന്നൊരുക്കം ഉണ്ടാവേണ്ടതുണ്ട്.
പഞ്ചായത്തുകള്‍ പതിവ് ശൈലിയില്‍ നിന്ന് മാറി ഇപ്പോള്‍ തന്നെ ജലസംരക്ഷണ പ്രവൃത്തികള്‍ ആരംഭിക്കണം. ഇതിനുള്ള ഫണ്ട് പ്ലാന്‍ പദ്ധതിയില്‍ പല പഞ്ചായത്തുകളും നീക്കിവെച്ചിട്ടില്ല. അതിനാല്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ച് ജല സംരക്ഷണ പ്രവൃത്തികള്‍ ഉറപ്പാക്കണം. ഒക്‌ടോബര്‍ മാസാദ്യം തന്നെ രാത്രിയില്‍ തണുപ്പ് കൂടുന്നതും പകല്‍ ചൂടേറുന്നതും വലിയ മുന്നറിയിപ്പാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോലും അനുഭവപ്പെടാത്ത തണുപ്പാണ് കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളില്‍ വയനാട്ടില്‍ പലയിടത്തും അനുഭവപ്പെട്ടത്. 13 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് താണു. ഇനി പ്രതീക്ഷിക്കുന്ന തുലാമാഴ കൂടി ചതിച്ചാല്‍ വയനാട് ഇതുവരെ അനുഭവിക്കാത്ത വരള്‍ച്ചയിലേക്ക് നീങ്ങും. ഇത് കൃഷിക്ക് മാത്രമല്ല, ആവാസ വ്യവസ്ഥയുടെ തകര്‍ച്ച കൂടിയാവും. അതിനാല്‍ മുന്നൊരുക്കങ്ങള്‍ അതിവേഗത്തിലാക്കണം.
ജില്ലാതല ദുരന്തനിവാരണ സമിതി പ്രഖ്യാപിച്ച നിര്‍മാണ നിയന്ത്രണം കര്‍ശനമാക്കണം. പ്ലാസ്റ്റിക് നിരോധനവും പ്രകൃതി സംരക്ഷണവും കാര്യക്ഷമമാവണം. ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസ് കബനി നദിതന്നെയാണ്. കബനിയുടെയോ പോഷക നദികളുടെയോ ജലം സംഭരിച്ച് ഉപയോഗപ്പെടുത്താന്‍ പ്രാപ്തിയുള്ള നിര്‍മിതികള്‍ ഈ ജില്ലയില്‍ തുലോം കുറവാണ്. 157 ലിഫ്ട് ഇറിഗേഷന്‍ പദ്ധതികള്‍, 332 ചെറിയ ചെക്ക്ഡാമുകള്‍, 3167 ചിറകളും കുളങ്ങളും 61,671 കിണറുകള്‍, 4580കുഴല്‍ കുഴല്‍കിണറുകള്‍ എന്നിവയാണ് ജില്ലയിലെ ജല സംഭരണികള്‍. വയനാടിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ ഗള്ളി ഡാമുകള്‍ നിര്‍മിച്ച് ജലം സംരക്ഷിണം.
വനത്തിലെയും തോട്ടങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെ ഉറവകള്‍ സംരക്ഷിച്ച് ജലം തടഞ്ഞ് നിര്‍ത്തുന്നതിനായി സംഭരണികള്‍ ഉണ്ടാവണം. ഇടത്തരം കുന്നുകള്‍ക്ക് കുറുകെ മണ്‍ചിറകള്‍ നിര്‍മിച്ച് ജലം സംരക്ഷിക്കണം. പുതിയ തലച്ചിറകള്‍ നിര്‍മിക്കുകയും നിലവിലെ ചിറകളും ജലാശങ്ങളും സംരക്ഷിക്കുകയും ചെയ്യണം. കബനിയിലേക്ക് എത്തുന്ന ചെറുപുഴകളിലും തോടുകളിലും നീര്‍ച്ചാലുകളിലും അവയ്ക്ക് അനുസൃതമായ തടയണകള്‍ ക്രമമായി നിര്‍മിക്കണം. തോടിനുള്ളില്‍ തന്നെ ജലാശയം പ്രാവര്‍ത്തികമാക്കുന്ന സങ്കണ്‍പോണ്ട് നിര്‍മാണവും അവലംബിക്കണം. ഉപയോഗശൂന്യമായി കിടക്കുന്ന തടയണകളും വി.സി.ബികളും ഇപ്പോള്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കി പുനരുജ്ജീവിപ്പിക്കണമന്നുമാണ് ആവശ്യമുയരുന്നത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിനും ത്രിതല പഞ്ചായത്തുകള്‍ക്കും കര്‍ശന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗവും ആവശ്യമുന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."