HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്കു കനത്തപ്രഹരം
backup
May 10 2016 | 22:05 PM
ഉത്താഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിടാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു കനത്തപ്രഹരം നേരിട്ടിരിക്കുകയാണ്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം വിശ്വാസവോട്ടു തേടിയ ഹരീഷ് റാവത്തിന്റെ മന്ത്രിസഭയ്ക്ക് അനുകൂലമായി മുപ്പത്തിമൂന്നുവോട്ടും ബി.ജെ.പിക്ക് 28 വോട്ടുമാണു ലഭിച്ചത്.
കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടുമാസം മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ഹരീഷ് റാവത്ത് മന്ത്രിസഭയെ ഗളഹസ്തം ചെയ്തത്. മന്ത്രിസഭ പിരിച്ചുവിട്ട നടപടിക്കെതിരേ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നൈനിറ്റാള്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയുമായിരുന്നു. ജനാധിപത്യത്തിന്റെ വേരറുക്കലായാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ പിരിച്ചുവിട്ടതിനെ ഹൈക്കോടതി ഉപമിച്ചത്.
നിയമസഭാവേദിയില്‍ സര്‍ക്കാരിനെ വിശ്വാസവോട്ടു തേടാന്‍ അനുവദിക്കേണ്ടതായിരുന്നുവെന്നും കോടതി ഏപ്രില്‍ 19 നു പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറഞ്ഞു. വിധിക്കെതിരേ ബി.ജെ.പി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവല്ല ലഭിച്ചത്. ഹൈക്കോടതി വിധി ശരിവെച്ച സുപ്രിംകോടതി ഹരീഷ് റാവത്തിനെ വിശ്വാസവോട്ടു തേടാന്‍ അനുവദിക്കുകയായിരുന്നു. അതാണു കഴിഞ്ഞദിവസം ഹരീഷ് റാവത്ത് നേടിയെടുത്തത്.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്തു മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹരജി പരിഗണവിക്കവെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് വി.കെ ബിഷത് എന്നിവര്‍ കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. വൈകാതെ ചീഫ് ജസ്്റ്റിസ് കെ.എം ജോസഫിനെ ബി.ജെ.പി സര്‍ക്കാര്‍ സ്ഥലം മാറ്റുകയും ചെയ്തു.
മാര്‍ച്ച് 27നാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം നലവില്‍വന്നത്. മെയ് 10ന് അതിന് അന്ത്യംകുറിക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിസഭയുടെ തീരുമാനം രാഷ്ട്രപതിയുടെ മുമ്പില്‍ വിവരിച്ച മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദമുഖങ്ങളൊന്നും മന്ത്രിസഭയെ പിരിച്ചുവിടാന്‍ പര്യാപ്തമായ കാരണങ്ങളായിരുന്നില്ല. സംസ്ഥാനത്ത് ഭരണത്തകര്‍ച്ചയുണ്ടാകുമ്പോഴോ ക്രമസമാധാനരംഗത്തു പരാജയപ്പെടുമ്പോഴോ ആണ് 356ാം വകുപ്പ് പ്രകാരം സംസ്ഥാനമന്ത്രിസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്കു നല്‍കാനുള്ള അവകാശം കേന്ദ്രത്തിനുള്ളത്. ഉത്തരാഖണ്ഡില്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. വിശ്വാസവോട്ട് തേടാന്‍ മന്ത്രിസഭയെ അനുവദിച്ചില്ല. ഗവര്‍ണര്‍ കെ.കെ പോളിനെ ഉപയോഗിച്ച് വിശ്വാസവോട്ടു തേടുന്നതിന്റെ തലേദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭയെ പിരിച്ചുവിടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.
അരുണാചലില്‍ ഉപയോഗിച്ച അതേതന്ത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ ഉത്തരാഖണ്ഡിലും പയറ്റിയത്. അരുണാചല്‍ നിയമസഭയിലെ അസംതൃപ്തരായ 21 കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചാണ് മുഖ്യമന്ത്രി നബാം തൂക്കിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയെ ബി.ജെ.പി സര്‍ക്കാര്‍ പിരിച്ചുവിട്ടത്. അരുണാചലിലും നിയമസഭ മരവിപ്പിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ വരുതിയിലാക്കിയതും വിമത കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായിരുന്ന കാലികോ പോളിന്റെ നേതൃത്വത്തില്‍ ബി.ജെ.പി മന്ത്രിസഭ അധികാരത്തില്‍ വന്നതും.
അതേതന്ത്രമാണ് ഉത്തരാഖണ്ഡിലും പ്രയോഗിച്ചത്. പക്ഷേ, ഫലിച്ചില്ല. ഹരീഷ് റാവത്തിന്റെ നിയമപോരാട്ടത്തിനൊടുവില്‍ ബി.ജെ.പിക്കു മുഖത്തടിയേറ്റതുപോലെയായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങളെ പിന്‍വാതിലിലൂടെ പിരിച്ചുവിടാനുള്ള ബി.ജെ.പിയുടെ കരുനീക്കം തല്‍ക്കാലം ഉപേക്ഷിക്കേണ്ടിവരും. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ബീഹാറിലും ഡല്‍ഹിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോറ്റമ്പിയപ്പോള്‍ കണ്ടെത്തിയ മാര്‍ഗമാണ് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയെന്നത്.
ബി.ജെ.പിയുടെ ഈ അട്ടിമറി രാഷ്ട്രീയം സുപ്രിംകോടതി തടയിട്ടതോടെ ഇത്തരം നീക്കങ്ങളില്‍നിന്നു ബി.ജെ.പി സര്‍ക്കാര്‍ പിന്തിരിയേണ്ടിവരും. ജനാധിപത്യത്തിന്റെ ഘാതകരായി ബി.ജെ.പി ദേശീയരാഷ്ട്രീയത്തില്‍ മുദ്രകുത്തപ്പെട്ടുവെന്നതാണ് ഉത്തരാഖണ്ഡ് നല്‍കുന്ന പാഠം. കേന്ദ്രത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന ബി.ജെ.പി സര്‍ക്കാരിന് ഓര്‍ക്കാപ്പുറത്തു കിട്ടിയ കനത്തപ്രഹരമായി ഹരീഷ് റാവത്തിന്റെ വിജയം. മെയ് 16ന് കേരളത്തിലും അസമിലും തമിഴ്‌നാട്ടിലും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രത്യാഘാതമുണ്ടാകുമെന്നതില്‍ സംശയമില്ല.
വിശ്വാസവോട്ടെടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതി ഹരീഷ് റാവത്തിന് പിന്തുണ നല്‍കിയത് ദേശീയ രാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന മാറ്റത്തിന്റെ നാന്ദിയാണ്. ബി.ജെ.പിയുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തിനെതിരേ രാജ്യത്ത് ഉയര്‍ന്നുവരേണ്ട വിശാലസഖ്യത്തിന്റെ സാധ്യതയിലേയ്ക്ക് ഈ സഹകരണം വിരല്‍ ചൂണ്ടുന്നു. ദേശീയനേതാക്കളെയും സംസ്ഥാനസര്‍ക്കാരുകളെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിനെതിരേയും ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരേയും ജാഗരൂകമാകേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണു ഹരീഷ് റാവത്തിന്റെ വിജയം അടയാളപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."