കോമണ്‍വെല്‍ത്ത് അഴിമതി: അന്വേഷണവിവരം പങ്കുവയ്ക്കാന്‍ സി.വി.സി വിസമ്മതിച്ചു
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിന്റെ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സി.വി.സി) വിസമ്മതിച്ചു. ഇതു സംബന്ധിച്ച് വിവരാവകാശനിയമപ്രകാരം (ആര്‍.ടി.ഐ) നല്‍കിയ അപേക്ഷ, ഫയലുകളും വിവരങ്ങളും ചിതറിക്കിടക്കുന്നതിനാല്‍ വെളിപ്പെടുത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. 2010 ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പില്‍ കോടികളുടെ അഴിമതി ഉണ്ടെന്നാണ് ആരോപണം. വിജിലന്‍സിന് പുറമെ സി.ബി.ഐ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങിയ ഏജന്‍സികളും കേസ് അന്വേഷിച്ചിരുന്നു.
നിരവധി ഫയലുകളിലായി വിവരങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇതെല്ലാം സമാഹരിച്ച് കൂട്ടിച്ചേര്‍ക്കുന്നത് വിജിലന്‍സിന്റെ പരിമിതമായ വിഭവങ്ങള്‍വച്ച് സാധ്യമല്ല. അതിനാല്‍ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 7(9) പ്രകാരം ഇവ നല്‍കാനാവില്ലെന്നും മറുപടി വ്യക്തമാക്കി.
രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പി.ടി.ഐയാണ് വിവരാവകാശ നിയമപ്രകാരം സി.വി.സിക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഗെയിംസ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസിന്റെ വിവരങ്ങള്‍ മാത്രമാണ് പി.ടി.ഐ ആവശ്യപ്പെട്ടിരുന്നത്. ആവശ്യപ്പെട്ടതില്‍ ചില വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതാണെന്നും മറ്റു ചിലത് വെളിപ്പെടുത്താനാവാത്തതാണെന്നും മറുപടിയില്‍ പറയുന്നു.
ഗെയിംസുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും നടത്തിയ നിര്‍മ്മാണപദ്ധതികളില്‍ 1,014.60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് 37 പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യകമ്പനികളും ചേര്‍ന്ന് ചുരുങ്ങിയത് 9,000 നിര്‍മ്മാണ പദ്ധതികളാണ് ഡല്‍ഹിയില്‍ നടപ്പാക്കിയത്.
അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ആണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായിരുന്ന (സി.എജി) വി.കെ ശുംഗല്‍വിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍തോതിലുള്ള അഴിമതി ചൂണ്ടിക്കാട്ടി സമിതി ആറു റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ കേസില്‍ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."