കുപ്രസിദ്ധ മോഷ്ടാവ് ബെന്‍സണിന്റെ ശിക്ഷ ഇളവു ചെയ്യുന്നു
ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയതിന് അറസ്റ്റിലായ ബെണ്‍സണിന്റെ ശിക്ഷ നല്ല നടപ്പു പരിഗണിച്ച് സുപ്രിംകോടതി ഇളവുചെയ്യുന്നു. ഇക്കഴിഞ്ഞ ജൂലൈ 31നു 40 തികഞ്ഞ ബെണ്‍സണ്‍ 12 വര്‍ഷമാണ് തടവില്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ ശിക്ഷയില്‍ ഇളവു വേണമെന്ന ബെണ്‍സണിന്റെ ആവശ്യം പരിഗണിച്ച കോടതി, അദ്ദേഹത്തിന്റെ ജയിലിലെ നല്ലനടപ്പു പരിഗണിക്കുകയായിരുന്നു.
തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 12 മോഷണക്കേസുകളില്‍ പ്രതിയായ ബെണ്‍സണിനെ 19 വര്‍ഷത്തെ തടവിനാണു ശിക്ഷിച്ചിരുന്നത്. 12 കേസുകളില്‍ രണ്ടെണ്ണം ജാമ്യത്തില്‍ കഴിയവെ നടത്തിയതാണ്. ശിക്ഷാകാലവധി 2022ലേ അവസാനിക്കൂ.
ജസ്റ്റിസുമാരായ ദീപക് മിശ്രയും യു.യു ലളിതും അടങ്ങുന്ന ബെഞ്ചാണ് വിവേചനാധികാരം ഉപയോഗിച്ച് 14 വര്‍ഷം തടവുശിക്ഷയനുഭവിച്ച ബെണ്‍സണിനു ശിക്ഷഇളവു ചെയ്യുന്നത്. വിവിധ കേസുകളില്‍ ലഭിച്ച മൂന്നുനാലും വര്‍ഷത്തെ തടവു ഒന്നിച്ചുകൂടുമ്പോഴാണ് ശിക്ഷാകാലാവധി 19 വര്‍ഷം ആവുന്നത്.
2003ലാണ് ഇയാളുടെ തടവുശിക്ഷ ആരംഭിക്കുന്നത്. കോടതിവിധിപ്രകാരം 2022 ഒക്ടോബറില്‍ അവസാനിക്കും. ഉത്തരവുപ്രകാരമുള്ള പിഴയടക്കാത്തതിനാല്‍ അധിക രണ്ടുവര്‍ഷത്തെ തടവുകൂടി കൂട്ടിയാല്‍ 2024 വരെ ഇയാള്‍ ജയിലില്‍ കഴിയണം.
മോഷണക്കേസില്‍ ഒരാള്‍ 19 വര്‍ഷം തടവില്‍ കഴിയുന്നതിലെ നിയമപ്രശ്‌നവും കോടതി പരിഗണിച്ചു. ഈ വിഷയത്തില്‍ കേരളാ ഡി.ജി.പി(ജയില്‍)യുടെ റിപ്പോര്‍ട്ടും സുപ്രിംകോടതി പരിഗണിച്ചു.
മൂന്നുജില്ലകളിലായി, ബൈക്കില്‍ പോവുന്നതിനിടെ മോഷണം നടത്തിയതുള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ശിക്ഷയ്‌ക്കെതിരേ ബെണ്‍സണ്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ബെണ്‍സണ്‍ കഴിയുന്നത്. പിടിച്ചുപറി കേസില്‍ ബെണ്‍സണിന്റെ കാമുകി അനിലക്കെതിരെയും വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."