HOME
DETAILS
MAL
സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ സഹോദരങ്ങള്‍ പരസ്പരം വെട്ടി
backup
May 11 2016 | 06:05 AM
ആറ്പേര്‍ക്ക് ഗുരുതര പരിക്ക്
രാജാക്കാട്: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വാക്കത്തികൊണ്ട് പരസ്പരം വെട്ടിയ ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
രാജാക്കാട് പഴയ പോസ്റ്റോഫീസിന് സമീപത്തുള്ള വെട്ടിക്കാട്ട് വര്‍ഗ്ഗീസിന്റെ മക്കളായ ബേബി, സണ്ണി, ബെന്നി, ജോ, ജോസഫിന്റെ മകന് ബിബിന്‍ എന്നിവരാണ് കാലങ്ങളായുള്ള സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇന്നലെ ആയുധമെടുത്ത് പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ ആറ് പേര്‍ക്കും സാരമായ പരിക്കുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ജോസഫിന്റെ പുരയിടത്തില്‍ നിന്നിരുന്ന തെങ്ങില്‍ കയറി ജോണിന്റെ നേതൃത്വത്തില്‍ തേങ്ങയിടുകയും ഇതേ തുടര്‍ന്ന് വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിലേയ്ക്കും എത്തുകയായിരുന്നു. തേങ്ങയിടുന്നതിന് കയ്യില്‍ കരുതിയിരുന്ന വാക്കത്തിയും മറ്റുള്ളവര്‍ കല്ലും വടിയുമപയോഗിച്ച് പരസ്പരം ചേരിതിരിഞ്ഞ് വെട്ടിയും ഇടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തിയെങ്കിലും വലിയ സംഘര്ഷത്തിനിടയ്ക്കേക്ക് കയറുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടില്‍ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ജോസഫിന്റെ മകന് ബിബിനെ വിളിച്ചുവരുത്തുകകയും ബിബിന്‍ ഇവരെ പിടിച്ചുമാറ്റുന്നതിനിടയില്‍ സാരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ആറ് പേര്‍ക്കും കൈക്കും കാലിനും തലയ്ക്കുമടക്കം സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.
വലിയ രീതിയില്‍ പരിക്കേറ്റ ഇവരില്‍ ചിലര്‍ ചിതറി ഓടുകയും ജോസഫടക്കം വീട്ടിനുള്ളില്‍ കയറുകയുമായിരുന്നു. തുടര്‍ന്ന് വിവരമറിയിച്ചെത്തിയ വാഹനത്തില്‍ ജോസഫ്, ബേബി, സണ്ണി, ബിബിന്‍ എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും ബെന്നി സണ്ണി എന്നിവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതതരമായതിനാല് ബെന്നി, ജോണ്‍ എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രാജാക്കാട് എസ് ഐ ജി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഉടുമ്പന്‍ചോല എം എല്‍ എ കെ കെ ജയചന്ദ്രനും സംഭവസ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."