കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷര മധുരം
കണ്ണൂര്‍/തലശ്ശേരി: ആദ്യാക്ഷര മധുരം നിണഞ്ഞ് കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക്. കുട്ടികളെ ഇഷ്ട ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്തണമെന്നാഗ്രഹിച്ച പലരും ഹര്‍ത്താല്‍ കാരണം നിരാശരായി. ക്ഷേത്രങ്ങളിലും വായനശാലകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം കുറിക്കാന്‍ വന്‍ തിരക്കായിരുന്നു. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ രാവിലെ തന്നെ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. രമാദേവി മന്ദിരം, മുനീശ്വരന്‍ കോവില്‍, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, കണ്ണൂര്‍ ശ്രീകൃഷ്ണന്‍ കോവില്‍, കണ്ണൂര്‍ സത്യസായി സേവാ സമിതി, അലവില്‍ പുതിയ കാവ് മാരിയമ്മന്‍ കോവില്‍, ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, വലിയന്നൂര്‍ മഹാദേവി ക്ഷേത്രം, കല്യാശ്ശേരി മണക്കുളങ്ങര ക്ഷേത്രം, പനങ്കാവ് മാതാഅമൃതാനന്ദമയി മഠം, കടമ്പൂര്‍ പൂങ്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ എഴുത്തിനിരുത്തല്‍ ചടങ്ങു നടന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്രം, തൃക്കൈ ശിവക്ഷേത്രം, നിട്ടൂര്‍ ബാലത്തില്‍ ദേവീക്ഷേത്രം, നിട്ടൂര്‍ ചിറക്കക്കാവ് ദേവീക്ഷേത്രം, തലശ്ശേരി സ്റ്റേഡിയത്തിനു സമീപത്തെ ഗുണ്ടര്‍ട്ട് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കുരുന്നുകള്‍ വിദ്യയുടെ ആദ്യാക്ഷരം നുകര്‍ന്നു. ഗുണ്ടര്‍ട്ട് പാര്‍ക്കില്‍ വിദ്യാരംഭം എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി. കലക്ടര്‍ മിര്‍ മുഹമ്മദലി വിശിഷ്ടാതിഥിയായി. ഫാ. തോമസ് തൈത്തോട്ടം, മാളിയേക്കല്‍ മറിയുമ്മ, പ്രൊഫ. എ. പി സുബൈര്‍ നേതൃത്വം നല്‍കി. വര്‍ക്കി വട്ടപ്പാറ, കെ.എം ധര്‍മപാലന്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ.എം ലക്ഷ്മണന്‍ സംബന്ധിച്ചു. ജില്ലാ ലൈബ്രറിയില്‍ എഴുത്തിനിരുത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, പ്രൊഫ. കെ കുമാരന്‍ എന്നിവരാണ് കുട്ടികളെ എഴുത്തിനിരത്തിയത്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു, വൈസ് പ്രസിഡന്റ് എം മോഹനന്‍, എം ബാലന്‍, എ പങ്കജാക്ഷന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."