കൃഷിയാവശ്യത്തിനുവേണ്ടി കുഴിച്ച കുഴല്‍കിണറിലെ വെള്ളം വില്‍ക്കുന്നു
പാലക്കാട്: മലമ്പുഴ പഞ്ചായത്തില്‍ അഞ്ചാംവാര്‍ഡിലെ തൂപ്പള്ളത്താണ് വെള്ളം വില്‍പ്പന നടത്തുന്നു. തൂപ്പള്ളത്തെ വാക്കാട് വാട്ടര്‍ടാങ്കിന് പരിസരത്ത് കൃഷിയാവശ്യത്തിനുവേണ്ടി എന്നു പറഞ്ഞ് 2016ല്‍ ഏപ്രില്‍ 25നാണ് ഭൂജലവകുപ്പില്‍ അപേക്ഷ നല്‍കി ഇവിടെ കുഴല്‍കിണര്‍ കുഴിച്ചത്. കളത്തില്‍ വീട്ടില്‍ ശിവാനന്ദനാണ് കിണര്‍ കുഴിക്കാന്‍ അനുമതി നല്‍കിയത്. ഇതിനു തൊട്ടടുത്തുതന്നെ ഏകദേശം 20 അടിയോളം താഴ്ചയുള്ള കിണറുണ്ട്. ഇത് നിലനില്‍ക്കെയാണ് വെള്ളം വില്‍ക്കുവാനെന്ന ലക്ഷ്യത്തോടെ കുഴല്‍കിണര്‍ കുഴിച്ചത്. കുഴല്‍കിണറില്‍ നിന്നും വലിയ കിണറില്‍ നിന്നുമെല്ലാം ഡീസല്‍ മോട്ടോറും പമ്പും ഉപയോഗിച്ച് വെള്ളം ഊറ്റിയെടുത്ത് വില്‍ക്കുകയാണ് രീതി. കുടിവെള്ളത്തിനും മറ്റു പല ആവശ്യങ്ങള്‍ക്കുമായി വലിയ ടാങ്കര്‍ ലോറികളില്‍ കടത്തുകയാണ് പതിവ്. ഇപ്പോള്‍ ദിനംപ്രതി അഞ്ച് ടാങ്കര്‍ വെള്ളമെങ്കിലും ഇവിടെനിന്നും കൊണ്ടുപോകുന്നു. വേനല്‍ക്കാലമായാല്‍ ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത.
സൂര്യ വാട്ടര്‍ സര്‍വീസ് എന്ന പേരില്‍ കെ.എല്‍ 9 എ.ജി 3330 എന്ന ടാങ്കറിലാണ് വെള്ളക്കടത്ത് നടക്കുന്നത്. സര്‍വെ നമ്പര്‍ 3642 പ്പെട്ട സ്ഥലത്തില്‍ നടക്കുന്ന ജലചൂഷണത്തിനെതിരേ പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ജില്ലാ കലക്ടര്‍ക്കും പഞ്ചായത്ത് ഓഫിസിലും ഭൂജല വകുപ്പ് ഓഫിസിലും പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്‌സി. എന്‍ജിനീയര്‍ മുരളീധരന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും കുഴല്‍കിണര്‍, വലിയ കിണര്‍, ടാങ്കര്‍ ലോറി എന്നിവ ഉപയോഗിച്ച് വെള്ളക്കടത്ത് നടക്കുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ ആറിന് കുഴല്‍കിണര്‍ നിര്‍മാണത്തിനുള്ള സബ്‌സിഡി റദ്ദാക്കുകയും ചെയ്തു.
ഭൂജല വകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനുശേഷം രണ്ടു മാസത്തോളം വെള്ളക്കച്ചവടം ഉണ്ടായില്ലെങ്കിലും ഇപ്പോള്‍ ഇതു തുടരകയാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് ടാങ്കര്‍ ലോറിയിലൂടെ കച്ചവടം നടത്തുന്നതിനെതിരേ വാര്‍ഡ് മെമ്പറും ഒന്നും ഉരിയാടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."