സ്വകാര്യ മെഡിക്കല്‍കോളജിലെ ചികിത്സാ പിഴവിനെതുടര്‍ന്ന് യുവതി മരിച്ചതായി പരാതി
കിളിമാനൂര്‍: സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചതായി പരാതി. കരവാരം തോട്ടയ്ക്കാട് വൈഷ്ണവി വിലാസത്തില്‍ ബിനുവിന്റെ ഭാര്യ ഷീജ (37)യാണ് ബുധനാഴ്ച രാത്രി 11.55ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതിയെ ആദ്യം പ്രവേശിപ്പിച്ച വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിനെതിരേ ചികിത്സാ പിഴവാരോപിച്ച് യുവതിയുടെ ഭര്‍ത്താവ് ബിനുവാണ് കല്ലമ്പലം പൊലിസില്‍ പരാതി നല്‍കിയത്.
സംഭവത്തെകുറിച്ച് യുവതിയുടെ ബന്ധുക്കള്‍പറയുന്നത് ഇങ്ങനെ: വയറുവേദനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാംതിയതിയാണ് ഷീജ ഗോകുലം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം ഒ.പി യില്‍ ചികിത്സയ്‌ക്കെത്തിയത്. ഗര്‍ഭാശയമുഴയാണെന്ന് പരിശോധയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രക്തകുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെതുടര്‍ന്ന് ഒക്‌ടോബര്‍ ആറിന് യുവതിക്ക് ആശുപത്രിയില്‍ നിന്നും ഒരു കുപ്പി രക്തം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ ഒരു കുപ്പിരക്തം കൂടി നല്‍കിയതിനുശേഷം വീട്ടില്‍ അയക്കാമെന്നും ഒക്‌ടോബര്‍ 28 ന് ഓപ്പറേഷന് എത്തണമെന്നും അറിയിച്ചത്രേ. എന്നാല്‍ രണ്ടാമത്തെ കുപ്പി രക്തം നല്‍കവെ യുവതി ശാരീരികാവശതകള്‍ കാണിച്ചതായും ബോധക്ഷയം ഉണ്ടായതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇതിനിടയില്‍ നിലവഷളായ യുവതിയെ ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിക്കെ 12 ന് രാത്രി ഷീജ മരിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രക്തം നല്‍കിയതിനെതുടര്‍ന്നുള്ള അണുബാധയാല്‍ കരള്‍, വൃക്ക തുടങ്ങിയ ആന്തരികാവയങ്ങള്‍ പ്രവര്‍ത്തന രഹിതമായി കണ്ടെത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അണുബാധയുളള രക്തം നല്‍കിയതാണ് മരണകാരണമെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."