ലൈംഗികാരോപണം: ട്രംപിനെതിരേ പരാതിയുമായി നാലു സ്ത്രീകള്‍ കൂടി രംഗത്ത്
ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തി വിവാദത്തില്‍പ്പെട്ട യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്ത്. തങ്ങളുടെ സമ്മതമില്ലാതെ കടന്നുപിടിച്ചുവെന്ന് ആരോപിച്ച് നാലു സ്ത്രീകളാണ് പരാതിയുമായി മുന്നോട്ടുവന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
30 വര്‍ഷം മുന്‍പ് വിമാനത്തില്‍വച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നായിരുന്നു 74 കാരിയായ സ്ത്രീയുടെ പരാതി. യാത്രക്കിടെ കടന്നുപിടിച്ച ട്രംപ് ബലം പ്രയോഗിച്ച് വസ്ത്രം അഴിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. ട്രംപിനു അടുത്ത സീറ്റിലായിരുന്നു ഇവര്‍ ഇരുന്നിരുന്നത്. തനിക്കെതിരേ നടന്നത് പീഡനമായിരുന്നുവെന്ന് അവര്‍ പത്രത്തിനോട് പറഞ്ഞു.
2005 ല്‍ റിസപ്ഷനിസ്റ്റ് ആയ 22 കാരിയും ട്രംപിനെതിരേ പരാതിയുമായി രംഗത്തുവന്നു. ലിഫ്റ്റിനു പുറത്തുവച്ച് ബലമായി ചുംബിച്ചെന്നാണ് ഇവരുടെ പരാതി. 36 കാരിയാണ് മൂന്നാമത്തെ പരാതിക്കാരി. പാം ബീച്ച് പോസ്്റ്റില്‍ വെച്ചാണ് ഇവര്‍ ട്രംപിന്റെ കടന്നാക്രമണത്തിന് വിധേയയായത്. 13 വര്‍ഷം മുന്‍പ് ഫോട്ടോഷൂട്ടിനിടെയായിരുന്നു ഇത്. തന്നെ ചുറ്റിപ്പിടിച്ച ട്രംപില്‍ നിന്ന് ചാടിയാണ് താന്‍ രക്ഷപ്പെട്ടതെന്ന് യുവതി പറഞ്ഞു.
പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ടറാണ് ട്രംപിനെതിരേ ആരോപണം ഉന്നയിച്ച നാലാമത്തെ യുവതി. 2005ല്‍ അഭിമുഖത്തിനായി എത്തിയ തന്നെ അനുമതി ഇല്ലാതെ ട്രംപ് ചുംബിച്ചതായി ലേഖിക വ്യക്തമാക്കി.
ട്രംപിന്റെ ഗര്‍ഭിണിയായ ഭാര്യ മെലാനിയ ഗോവണി കയറിവരുമ്പോഴാണ് ചുവരിനോട് ബലമായി ചേര്‍ത്തുനിര്‍ത്തി ചുംബിച്ചതെന്ന് ലേഖിക പറഞ്ഞു. ലൈംഗിക ബന്ധത്തിന് ട്രംപ് പ്രേരിപ്പിച്ചുവെന്നും അവര്‍ പരാതിപ്പെട്ടു. 2005 ല്‍ ട്രംപിനെ വിവാദത്തിലാക്കിയ വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ട്രംപ് മാപ്പുചോദിച്ചിരുന്നു. എന്‍.ബി.സി ചാനലിന്റെ അവതാരകന്‍ ബില്ലി ബുഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ അശ്ലീല പരാമര്‍ശവും തുടര്‍ന്ന് ട്രംപ് യുവതിയെ കയറിപ്പിടിക്കുന്ന ദൃശ്യവും ചാനല്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസത്തെ ആരോപണങ്ങളെ ട്രംപിന്റെ പ്രസ് സെക്രട്ടറി ന്യായീകരിക്കാന്‍ ശ്രമിച്ചു.
ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ലേഖനങ്ങളെല്ലാം കള്ളക്കഥയാണെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി ജേസണ്‍ മില്ലര്‍ പ്രതികരിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച തങ്ങളുടെ അനുഭവം സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഈ സ്ത്രീകള്‍ പങ്കുവച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നു.
ലൈംഗികബന്ധത്തിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്ന ട്രംപിന്റെ സംഭാഷണത്തിന്റെ വിഡിയോ വാഷിംങ്ടണ്‍പോസ്റ്റ് പുറത്ത് വിട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് പുതിയ വിവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."