കക്കടവ് പാലത്തിലൂടെ വാഹനം വരുന്നതും കാത്ത് മൊയ്തുഹാജി
തരുവണ: മുണ്ടക്കുറ്റി കക്കടവ് പാലമെന്ന കാല്‍ നൂറ്റാണ്ട് നീണ്ട സ്വപ്നം സഫലമായിട്ടും പാലം കടന്ന് വാഹനങ്ങളെത്താത്തതില്‍ ദു:ഖിക്കുകയാണ് കക്കടവ് പുഴയും പാലവും ജീവിതത്തിന്റെ ഭാഗമായി മാറിയ എണ്‍പത്തിയഞ്ചുകാരന്‍ കല്ലാച്ചി മൊയ്തു ഹാജി.
അര നൂറ്റാണ്ടായി കക്കടവ് പാലം കടന്നാണ് മുണ്ടകുറ്റിയില്‍ നിന്നും തരുവണ അങ്ങാടിയിലെത്തി സാധനങ്ങള്‍ വാങ്ങി മൊയ്തു ഹാജി മടങ്ങുന്നത്. ആദ്യകാല കച്ചവടക്കാരനായിരുന്ന ഹാജിക്ക, മഴക്കാലത്ത് തോണി കടന്നും വേനലില്‍ പുഴയിലൂടെ ഇറങ്ങി നടന്നും എന്നും മത്സ്യം വാങ്ങാന്‍ പോലും പോയിരുന്ന കാലം ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുകയാണ്. പ്രായം തളര്‍ത്തിയ ഹാജിക്ക് ഇന്ന് പക്ഷെ അതിനുള്ള ആരോഗ്യമില്ല. താങ്ങ് വടിയുടെ സഹായത്താലാണ് നടത്തം.
ഇപ്പോള്‍ മാനന്തവാടിയില്‍ നിന്നും കക്കടവ് വരെ സര്‍വിസ് നടത്തി വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുണ്ടകുറ്റി വരെ നീട്ടണമെന്നാണ് പ്രായം തളര്‍ത്താത്ത ആവേശത്തോടെ ഹാജിക്ക ആവശ്യപ്പെടുന്നത്.
കക്കടവ് പാലത്തിനായി കാല്‍ നൂറ്റാണ്ട് നീണ്ട പരിശ്രമങ്ങള്‍ക്ക് പിന്നില്‍ ഹാജിക്കയുടെയും ജാഗ്രതയുണ്ടായിരുന്നു. അവുക്കാദര്‍ കുട്ടി നഹ മന്ത്രിയായപ്പോള്‍ പാലത്തിന് നിവേദനവുമായി പോയത് മൊയ്തു ഹാജി ഇന്നും ഓര്‍ക്കുന്നു.
വീട്ടു പടിക്കല്‍ നിന്ന് ബസ് കയറി തരുവണയില്‍ വരണമെന്ന ആഗ്രഹമാണ് മൊയ്തു ഹാജിക്ക് ഇനിയുള്ളത്. പ്രദേശത്തെ മുസ്‌ലിം ലീഗിന്റെ ശാഖാ പ്രസിഡന്റ് സ്ഥാനം അരനൂറ്റാണ്ട് കാലം തുടര്‍ച്ചയായി എതിരില്ലാതെ വഹിച്ച മൊയ്തു ഹാജി വാര്‍ധക്യമായതോടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സ്വയം പിന്‍വാങ്ങുകയായിരുന്നു.
തെക്കും വടക്കും ബന്ധിപ്പിക്കുന്ന കക്കടവ് പുഴ കടന്ന് വാഹനങ്ങള്‍ മുണ്ടക്കുറ്റിയിലെത്തുന്നതും കാത്തിരിക്കുകയാണ് കക്കടവ് പുഴയുടെ ഈ കൂട്ടുകാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."