തദ്ദേശസ്ഥാപനങ്ങളില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല: മന്ത്രി കെ.ടി ജലീല്‍
തൃശൂര്‍:തദ്ദേശസ്ഥാപനങ്ങളില്‍ ഒരു കാരണവശാലും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി കെ.ടി.ജലീല്‍. കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് താനിതു പറയുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ കിലയുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥനിലപാടിനെ ജനപ്രതിനിധികള്‍ പ്രതിരോധിക്കണം. അഴിമതി പൂര്‍ണമായും തടയുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
താമസിക്കാന്‍ വീടില്ലാത്തതാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ വീടിനു നമ്പര്‍ കിട്ടാതെ താമസിക്കാന്‍ കഴിയാത്തതാണ് വേറൊരുടെ കൂട്ടരുടെ പ്രശ്‌നം.1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ക്കു റേഷന്‍ കാര്‍ഡിനപേക്ഷിക്കാനും വൈദ്യുതി കണക്ഷനുംവേണ്ടി താല്‍ക്കാലിക നമ്പര്‍ നല്‍കുന്ന സംവിധാനം താമസിയാതെ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. ദുര്‍ബലവിഭാഗങ്ങളുടെ അഭിവൃദ്ധിയാണ് പഞ്ചായത്തുകളുടെ ലക്ഷ്യം.
സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായ ഒന്നേകാല്‍ ലക്ഷം പേരുണ്ട്. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്കു നവംബര്‍ ഒന്നിനു തുടക്കം കുറിക്കും.ബ്ലോക്ക് പഞ്ചായത്തുകളുടെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കാണും. ബ്ലോക്ക് പഞ്ചായത്തുകളുടെ നിലവിലുള്ള അധികാരങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടു പോകുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.സുഭാഷ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സത്യപാലന്‍, അനില്‍ അക്കര എം.എല്‍.എ, കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്കും പങ്കാളിത്തവും ശില്‍പ്പശാല ചര്‍ച്ച ചെയ്തു.
ജനാധിപത്യ നേതൃത്വശൈലി, ബ്ലോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ഡോ.സാബുവര്‍ഗീസ്, സി.രാധാകൃഷ്ണന്‍, പി.വി.രാമകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."