HOME
DETAILS
MAL
ഐ.ഇ.ഡി സെല്ലിന്റെ അനാസ്ഥ: റിസോഴ്‌സ് അധ്യാപകരുടെ പുനര്‍നിയമനം വൈകുന്നു
backup
May 11 2016 | 18:05 PM
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ കരാറാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 717 റിസോഴ്‌സ് അധ്യാപകരുടെ പുനര്‍നിയമനം അവതാളത്തില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണ് അധ്യാപകരുടെ പുനര്‍നിര്‍ണയം വൈകുന്നതിന് കാരണം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്‍ക്ലുസീവ് എജ്യുക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് അറ്റ് സെക്കന്‍ഡറി സ്‌റ്റേജ് എന്ന സ്‌കീമിലുള്ള റിസോഴ്‌സ് അധ്യാപകരെ സാധാരണ മാര്‍ച്ച് 31ന് പിരിച്ച് വിട്ട് ഏപ്രിലില്‍ തിരിച്ചെടുക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ മാര്‍ച്ച് ആദ്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ അധ്യാപകരെ ഏപ്രില്‍ മാസത്തില്‍ തിരിച്ചെടുക്കാന്‍ സാധിച്ചില്ല.
സംസ്ഥാനത്തെ ഐ.ഇ.ഡി സെല്ലിന്റെ അനാസ്ഥയാണ് അധ്യാപകരുടെ നിയമനം അവതാളത്തിലാവാന്‍ കാരണം. അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ വൈകിയതിലൂടെ 4.13 കോടി രൂപ സംസ്ഥാനത്തിന് പാഴാകുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് ഐ.ഇ.ഡി സെല്‍ പ്രവര്‍ത്തിച്ചല്ലെന്നാണ് അധ്യാപകര്‍ ആരോപണമുന്നയിക്കുന്നത്. കാഴ്ച ഇല്ലാത്തവരും ചലനവൈകല്യമുള്ളവരും ഭിന്നശേഷിയുള്ളതുമടക്കമുള്ള കുട്ടികളുടെ രക്ഷിതാക്കളും 16 വര്‍ഷമായി ജോലി ചെയ്യുന്നവരുമാണ് ഈ 717 അധ്യാപകരും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുനര്‍നിയമനം തടഞ്ഞതോടെ ഇവര്‍ക്ക് ഏപ്രില്‍ മുതല്‍ നിയമനം നല്‍കി വേതനം നല്‍കാനുള്ള കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ഫണ്ടും പാഴായിപ്പോകുകയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്‍പതിന് പുനര്‍നിയമനത്തിനായുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റിലെ അന്നത്തെ ഐ.ഇ.ഡി സെല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ നിയമന നടപടികള്‍ ഡിസംബറില്‍ തുടങ്ങിയതിനാലാണ് ഏപ്രിലില്‍ പുനര്‍നിയമനം നല്‍കാന്‍ കഴിഞ്ഞതെന്ന് അധ്യാപകര്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 31നാണ് പുനര്‍നിയമനത്തിനു വേണ്ടിയുള്ള ഫയല്‍ സര്‍ക്കാരിലേക്ക് അയച്ചത്. അതിനു മുന്‍പേ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നിരുന്നു. ഐ.ഇ.ഡി സെല്‍ ഡി.ഡി.ഇ ബോധപൂര്‍വം നിയമന നടപടികള്‍ വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
എസ്.എസ്.എക്ക് കീഴിലുള്ള 800 ഓളം റിസോഴ്‌സ് അധ്യാപകര്‍ക്ക് ഏപ്രില്‍ രണ്ടിന് പുനര്‍ നിയമനം നല്‍കിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് ഐ.ഇ.ഡി സെല്‍ ഡി.ഡി.ഇക്കെതിരേ അധ്യാപകര്‍ ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നത്. സ്‌പെഷല്‍ സ്‌കൂള്‍ ലോബിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥ നീക്കമാണ് ഹൈസ്‌ക്കൂള്‍ റിസോഴ്‌സ് അധ്യാപകരുടെ പുനര്‍നിയമനം വൈകിപ്പിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
റിസോഴ്‌സ് അധ്യാപകരുടെ അഭാവത്തില്‍ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളെ നിര്‍ബന്ധപൂര്‍വം ടി.സി വാങ്ങിപ്പിച്ച് പുതുതായി എയ്ഡഡ് പദവി ലഭിച്ച സ്‌പെഷ്യല്‍ സ്‌കൂളുകളിലേക്ക് ചേര്‍ത്തുന്നതായും അധ്യാപകര്‍ ആരോപിക്കുന്നുണ്ട്. നിയമനം നടക്കാത്തത് കാരണം അവധിക്കാല അധ്യാപക പരിശീലനത്തില്‍ റിസോഴ്‌സ് അധ്യാപകര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."