ജുവനൈല്‍ ഹോമില്‍ നിന്നും രക്ഷപെട്ടവര്‍ മോഷണക്കേസില്‍ പിടിയില്‍
കൊച്ചി: ജുവനൈല്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ട കുട്ടിക്കുറ്റവാളികള്‍ മോഷണക്കേസില്‍ പിടിയിലായി. കാക്കനാട് ജുവനൈല്‍ ഹോമില്‍ ഹോമില്‍ നിന്നും കഴിഞ്ഞദിവസം രക്ഷപ്പെട്ട മൂന്നുപേരില്‍ രണ്ടു പേരാണ് സെന്‍ട്രല്‍ പൊലിസിന്റെ പിടിയിലായത്. അടിമാലി സ്വദേശിയായ 17കാരനും കുമരകം സ്വദേശിയായ 16 വയസുകാരനുമാണ് മോഷ്ടിച്ച ബൈക്കുമായി പിടിയിലായത്.
ഇവരെ കാണാതായതായി തൃക്കാക്കര പൊലിസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് മോഷണകേസില്‍ പിടിയിലാവുന്നത്. നെടുമ്പാശേരിയില്‍ വാഹനമോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് 2015 മുതല്‍ ജുവനൈല്‍ ഹോമിലെ അന്തേവാസിയാണ് പിടിയിലായ ഒരാള്‍. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് രണ്ടാമന്‍. ഇരുവരും മറ്റൊരു കൂട്ടുകാരനുമൊത്ത് കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് ഇവിടെ നിന്നും രക്ഷപ്പെട്ടത്.
എറണാകുളത്തെത്തിയ സംഘം കടവന്ത്ര ഉദയാ കോളനി റോഡില്‍ നിന്നും ഒരു സ്‌കൂട്ടര്‍ മോഷ്ടിച്ച ശേഷം നഗരത്തിലെ ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ 6000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ഇതിനിടെ സ്‌കൂട്ടര്‍ തകരാറിലായതോടെ കലൂരില്‍ ഉപേക്ഷിച്ച ശേഷം എറണാകുളം മറൈന്‍ ഡ്രൈവിലെത്തിയ സംഘം അവിടെ നിന്നും ഒരു ബൈക്കും പിന്നീട് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു നിന്നും മറ്റൊരു ബൈക്കും മോഷ്ടിച്ചു.
ഇവര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രിന്‍സിപ്പല്‍ എസ്.ഐ എസ് വിജയശങ്കര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പെട്രോളിങ്ങിനിടെ ഹൈകോര്‍ട്ട് - ഗോശ്രീ റോഡില്‍ നിന്നാണ് മോഷ്ടിച്ച ബൈക്കുമായി ഇവരെ അറസ്റ്റ് ചെയ്തത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് പറഞ്ഞു.
എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ ലാല്‍ജി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എസ്.ഐമാരായ എസ് വിജയശങ്കര്‍, കെ.എല്‍ സമ്പത്ത്, എം.ജി ശ്യാം, ഡി ദീപു, എ.എസ്.ഐമാരായ രാജീവ്, പ്രവീണ്‍, സീനിയര്‍ സി.പി.ഒ കെ.ടി മണി, സി.പി.ഒമാരായ സുധീര്‍ ബാബു, കെ.ആര്‍ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."