വ്യാജഏറ്റുമുട്ടല്‍ കേസ് പ്രതികള്‍ ഗുജറാത്തില്‍ ഉന്നതപദവികളില്‍
ന്യൂഡല്‍ഹി: വിവിധ വ്യാജഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരെ ഗുജറാത്ത് സര്‍ക്കാര്‍ ഉന്നതപദവികളില്‍ നിയമിച്ചു. ഇശ്‌റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് പിള്ളയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതടക്കമുള്ള കേസില്‍ പ്രതിയായ വിരമിച്ച പൊലിസ് ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ച് വഡോദരയിലെ വെസ്‌റ്റേണ്‍റെയില്‍വേ ആസ്ഥാനത്ത് ഡിവൈ.എസ്.പി ആയി നിയമിച്ചു.
രണ്ടുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നു വരിമിച്ച ഗുജറാത്ത് പൊലിസില്‍ 'ഏറ്റുമുട്ടല്‍ വിദഗ്ധന്‍' ആയി അറിയപ്പെടുന്ന തരുണ്‍ ബാരറ്റിനെ(62)യാണ് ഡിവൈ.എസ്.പി ആയി നിയമിച്ചത്. ഒരുവര്‍ഷത്തേക്കാണ് നിയമനം. ഗുജറാത്ത് ആഭ്യന്തരവകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ഇശ്‌റത്ത് കേസിനു പുറമെ സാദിഖ് ജമാല്‍ വ്യാജഏറ്റുമുട്ടല്‍ കേസിലും ഇയാള്‍ പ്രതിയാണ്. ഈ രണ്ടുകേസുകളിലും സി.ബി.ഐ അറസ്റ്റ്‌ചെയ്തിരുന്ന ഇയാള്‍ ജാമ്യത്തില്‍ കഴിയുകയാണ്. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന്‍ ബി.ആര്‍ ചൗബെയെ ഗുജറാത്തിലേക്കു തിരിച്ചുവിളിച്ച് സ്‌റ്റേറ്റ് റിസര്‍വ് പൊലിസിലെ ഡിവൈ.എസ്.പിയായും നിയമിച്ചു.
മുംബൈയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പില്‍ ലൈസണ്‍ ഓഫിസറായിരുന്നു നേരത്തെ ബി.ആര്‍ ചൗബെ. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ കേസാണ് സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം. കേസില്‍ ചൗബെക്ക് ജാമ്യംലഭിച്ചിരുന്നുവെങ്കിലും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നതിനാല്‍ ഗുജറാത്തിലേക്കു പ്രവേശിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ 2014ല്‍ ജൂണില്‍ സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ച് ഗുജറാത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സുഹ്‌റുദ്ദീന്‍ കേസില്‍ പ്രതിയായ രാജ്കുമാര്‍ പാണ്ഡ്യയെ ഐ.ജിയായും അഭയ് ചുദാസമയെ ഡി.ഐ.ജിയായും നിയമിച്ചതിനു പിന്നാലെയാണ് ചൈബെയുടെയും ബാരറ്റിന്റെയും നിയമനം. ഇശ്‌റത്ത് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരും നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."