അഗതി
ഞങ്ങളോടു വെടിവെട്ടം പറഞ്ഞുകൊണ്ടിരിക്കെ പെട്ടന്നു ഷിഹാബ് എന്തിനാണ് വീടിനുള്ളിലേക്കു മറഞ്ഞതെന്ന് എനിക്കു മനസിലായില്ല. മധ്യവയസ് പിന്നിട്ട ആ സ്ത്രീ ഗേറ്റിനരികില്‍ നിന്നു വീടിന്റെ ഉമ്മറത്തെത്തിയപ്പോഴാണ് എനിക്കു കാര്യം പിടികിട്ടിയത്.
ഷിഹാബ് മുങ്ങിയതാണ്.
കാശുകാരുടെ വീട്ടിലേക്കു പണമിരന്നെത്തുന്നവര്‍ നാള്‍ക്കുനാള്‍ കൂടുകയാണ്. ചിലരൊക്കെ ഇതു തട്ടിപ്പായും കൊണ്ടുനടക്കുന്നു. നിര്‍മാണജോലിയുമായി ബന്ധപ്പെട്ട് പല വീടുകളില്‍ ചെല്ലുമ്പോഴും ഞാന്‍ കാണാറുള്ള കാഴ്ചയാണിത്. ഷിഹാബ് സമ്പന്നനാണ്.
വീടിനോടു അറ്റാച്ച് ചെയ്ത ഒരു കാര്‍പോര്‍ച്ചുണ്ടെങ്കിലും രണ്ടു വാഹനത്തിനും ഒരേ സമയം ഇടമില്ലാത്തതിനാല്‍ പുതിയൊരു പോര്‍ച്ച് പണിയുകയാണ്. ആ സ്ത്രീ പലവട്ടം കാളിങ് ബെല്‍ മുഴക്കിയപ്പോള്‍ ഷിഹാബിന്റെ ഭാര്യ വന്നു വാതില്‍ തുറന്നു. 'ഷിഹാബിക്ക ഇവിടെയില്ല. രണ്ടീസം കഴിഞ്ഞേ വരൂ...'
അലോസരം മുഖത്തു നിന്നൊളിപ്പിക്കാതെ തന്നെ കാര്യം അവള്‍ പറഞ്ഞു.
'ഡോക്ടറെ കാണേണ്ട ദിവസം ഇന്നായിനു'.
അഗതി കൊക്കിക്കുരച്ചു കൊണ്ട് ആവശ്യം അവതരിപ്പിച്ചു. തുടര്‍ സംസാരത്തിനു ഇടംകിട്ടാതെ വാതിലടഞ്ഞു. എന്നിട്ടും അവര്‍ അല്‍പനേരം അവിടെ പരുങ്ങിനിന്നു. പിന്നെ പതിയെ തലതാഴ്ത്തി നടന്നകന്നു.
പാവമാണ്. അവര്‍ സഹായം അര്‍ഹിക്കുന്നുണ്ട്. ഷിഹാബിനു എന്തെങ്കിലും കൊടുക്കാമായിരുന്നു. ഞാന്‍ അകമെ പരിഭവപ്പെട്ടു. അവര്‍ പോയെന്നുറപ്പിച്ചപ്പോള്‍ ഷിഹാബ് തൊഴിലാളികള്‍ക്കിടയിലേക്കു സൊറ പറയാന്‍ വീണ്ടും വന്നു.
'മുങ്ങ്യതാണല്ലേ..'
ഒരല്‍പം നീരസത്തോടെയും എന്നാല്‍ സൗഹൃദത്തോടെയും ഞാനയാളോടു ചോദിച്ചു.
ഷിഹാബ് അപ്പോള്‍ നിര്‍ന്നിമേഷനായി പറഞ്ഞു.
'ഉമ്മയാണ്..., പൈസ ചോദിച്ച് ഇടക്കൊക്കെ വരും..'
ഞാന്‍ ഞെട്ടി. അടുത്തക്ഷണം ശ്രദ്ധപിഴച്ച് ചുറ്റിക എന്റെ വിരലില്‍ പതിച്ച് ചോര തെറിച്ചു. ശിരോവസ്ത്രംകൊണ്ട് കണ്ണുകള്‍ തുടച്ചു മറഞ്ഞ ആ സ്ത്രീയുടെ ദയനീയത അപ്പോഴാണെനിക്കു പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞത്. എന്നില്‍ സര്‍വശക്തനോടുള്ള പ്രാര്‍ഥന നിറഞ്ഞു.
പടച്ചവനേ....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."