പുതിയ സമവാക്യങ്ങള്‍ക്ക് കാതോര്‍ത്ത് സി.പി.എം
മലപ്പുറം: ജയരാജന്റെ രാജിയോടെ പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബിയിലുടലെടുത്ത വിയോജിപ്പുകള്‍ പുതിയ സമവാക്യങ്ങള്‍ക്ക് വഴിതുറക്കുന്നു. പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ഇ.പി ജയരാജനെ അദ്ദേഹംതന്നെ കൈയൊഴിഞ്ഞെന്ന പരിഭവം ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗത്തിനുണ്ട്.
സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിനുമുന്നോടിയായി ഔദ്യോഗിക പക്ഷത്തിനെതിരേ മത്സരസാധ്യതയുണ്ടായ ജില്ലാ സമ്മേളനങ്ങളിലൊക്കെയും ജയരാജന്‍ ഉള്‍പ്പടെയുള്ള വിശ്വസ്തര്‍ ഇടപെട്ടാണ് പിണറായിയുടെ താല്‍പര്യം സംരക്ഷിച്ചുപോന്നത്.
എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ ജയരാജനെ കൈവിട്ടത് പിണറായി വിശ്വസ്തരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്ത് നടപ്പാക്കിയ നിയമനങ്ങളെപ്പോലും തള്ളിപ്പറയുന്ന തരത്തിലുളള പരസ്യപ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയതെന്ന വിമര്‍ശനം ഔദ്യോഗികപക്ഷത്തെ ഒരു വിഭാഗത്തിനുണ്ട്. ഔദ്യോഗികപക്ഷത്തുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയിലെ തെക്കന്‍ലോബി കരുക്കള്‍ നീക്കാന്‍ തയാറെടുക്കുന്നത്. അടുത്തമാസം ഒന്‍പതിനാണ് ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്. ഇതിന്റെ സാധ്യതയിലാണ് തെക്കന്‍ നേതാക്കളുടെ പ്രതീക്ഷ.
നിലവില്‍ ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ക്ക് അത്ര പ്രിയങ്കരരല്ലാത്ത പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്ര കമ്മിറ്റിയംഗവും ധനമന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക് എന്നിവരെ അനുകൂലിക്കുന്നവരാണ് പുതിയ സാഹചര്യത്തില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.
പുതിയ വിവാദത്തില്‍ ബേബിയും ഐസക്കും തന്ത്രപരമായ മൗനത്തിലാണ്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ പ്രൊഫ. ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ തുടങ്ങി കയര്‍ വകുപ്പിന് കീഴില്‍ നടത്തിയ വിവിധ നിയമനങ്ങളിലെല്ലാം തോമസ് ഐസക്കിനെ അനുകൂലിക്കുന്ന നേതാക്കള്‍ അസംതൃപ്തരാണ്. ധനവകുപ്പിന് കീഴിലെ കെ.എസ്.എഫ്.ഇയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തോമസ് ഐസക് മുന്നോട്ടുവച്ച സി.പി.എം മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെ പിണറായിപക്ഷം ഒഴിവാക്കിയിരുന്നു.
തോമസ് ഐസക്കിന് ലഭിച്ച കയര്‍ വകുപ്പിന് കീഴിലെ നിയമനങ്ങളിലും മറുപക്ഷത്തിന്റെ താല്‍പര്യങ്ങളാണ് നടപ്പായത്. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ആര്‍.നാസറും ഫോം മാറ്റിങ്‌സ് ചെയര്‍മാനായി കെ.ആര്‍ ഭഗീരഥനുമാണ് നിയമിതരായത്. ഇരുവരും ആലപ്പുഴയില്‍ ജി. സുധാകരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തെ ശക്തരായ നേതാക്കളാണ്.
1985ലെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ബദല്‍രേഖ അവതരിപ്പിച്ച് പാര്‍ട്ടിപിടിക്കാന്‍ ശ്രമിച്ച എം.വി രാഘവന്റെ നീക്കം പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ തകര്‍ത്തത് അന്ന് രാഘവന്റെ ശിഷ്യന്‍മാരായിരുന്ന പിണറായി വിജയന്‍, ഇ.പി. ജയരാജന്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു. തൊട്ടടുത്തവര്‍ഷം രാഘവനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. വി.എസിന്റെ നേതൃത്വത്തില്‍ കൂടിയ ജില്ലാ കമ്മിറ്റിയോഗമാണ് അന്ന് പിണറായി വിജയനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രാഘവന്‍ ഉയര്‍ത്തിയ വെല്ലുവിളികളെയെല്ലാം വി.എസ് നേരിട്ടത് പിണറായിയുടെയും ഇ.പി ജയരാജന്റെയും സഹായത്തോടെയാണ്. എം.എ ബേബി, തോമസ് ഐസക്, എസ്.രാമചന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കളെല്ലാം അന്ന് വി.എസിനൊപ്പമായിരുന്നു.
എന്നാല്‍ ചടയന്‍ ഗോവിന്ദനുശേഷം വി.എസ് ഇടപെട്ട് സംസ്ഥാന സെക്രട്ടറിയാക്കിയ പിണറായി വി.എസുമായി ക്രമേണ അകലുകയായിരുന്നു. ഈസമയം തോമസ് ഐസക്കും ബേബിയും പിണറായിക്കൊപ്പമായി. തുടര്‍ന്ന് വി.എസ് പക്ഷത്തെ പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബി തരിപ്പണമാക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നവീകരണത്തിന്റെ സാധ്യതയാണ് ബേബി, ഐസക് അനുകൂലികള്‍ ലക്ഷ്യമിടുന്നത്.
ലാവ്‌ലിന്‍ വിധിയോടെ അതിനുള്ള അവസരം തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."