റെയില്‍വേ സ്റ്റേഷന് റോഡ് നിര്‍മാണം പാതിവഴിയില്‍
കടുത്തുരുത്തി: ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് നിര്‍മാണം പാതിവഴിയില്‍. കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ സ്റ്റേഷനിലേക്കു പോകുന്നതിനുള്ള ആപ്പാഞ്ചിറയില്‍ നിന്നുള്ള പ്രധാന റോഡിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പാതിവഴിയില്‍ മുടങ്ങിയിരിക്കുന്നത്.
മഴ പെയ്താല്‍ ഇതുവഴി നടന്നു പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. റെയില്‍വേയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രയോജനം യാത്രക്കാര്‍ക്ക് പൂര്‍ണമായും ലലഭിക്കണമെങ്കില് ശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും പൗരസമിതി ആവശ്യപെട്ടു.
പിറവം മുതല്‍ കുറുപ്പന്തറ വരെയുള്ള ഭാഗം പൂര്‍ണമായും ഇരട്ടവരി പാതയായിരുന്നു. ഈ മാസം ഒന്ന് മുതല്‍ പുതിയ പാതയിലൂടെ ട്രെയനുകള് ഓടി തുടങ്ങി. എന്നാല്‍ ഇരട്ടപാതയുടെ നിര്മാണത്തോടുനുബന്ധിച്ചുള്ള വര്‍ക്കുകളാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നതെന്ന് ആപ്പാഞ്ചിറ പൗരസമിതി ഭാരവാഹികള്‍ ആരോപിച്ചു.
ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ പകുതിയോളം ഭാഗം കോണ്‍ക്രീറ്റ് ചെയ്യാതെയും ടൈല്‍ ഇടാതെയുമാണ് ഇപ്പോഴും കിടക്കുന്നത്.
മാസങ്ങളായി ഇവിടുത്തെ വര്‍ക്കുകള്‍ തടസപെട്ടിരിക്കുകയാണെന്നും പൗരസമിതിയംഗങ്ങള്‍ പറയുന്നു. കൂടാതെ പ്ലാറ്റ്ഫോമിലെ മറ്റു പണികളും മുടങ്ങി കിടക്കുകയാണ്. പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു മത്തായി, ബെന്നി മൈലംവേലില്‍, ഭാവന ചന്ദ്രബോസ്, മുകുന്ദന് ആപ്പാഞ്ചിറ, രവീന്ദ്രന് ദ്വാരക എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."