നോര്‍ത്ത് ഈസ്റ്റിന് കുരുക്കിട്ട് ഡൈനാമോസ്
ന്യൂഡല്‍ഹി: സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഡല്‍ഹി ഡൈനാമോസിന് (1-1) സമനില. ആദ്യ പകുതിയില്‍ നേടിയ മുന്‍തൂക്കം കളഞ്ഞു കുളിച്ചാണ് ഡല്‍ഹി സമനിലയില്‍ കുരുങ്ങിയത്. എന്നാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റിനെതിരേ തോല്‍വി വഴങ്ങിയില്ല എന്ന നേട്ടം സ്വന്തമാക്കാനും ഡല്‍ഹിക്ക് സാധിച്ചു.അതോടൊപ്പം ടൂര്‍ണമെന്റില്‍ തോല്‍വി വഴങ്ങാതെയുള്ള കുതിപ്പ് തുടരാനും ഡല്‍ഹിക്കായി. മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലകളും അടക്കം അഞ്ചു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഡല്‍ഹിയിപ്പോള്‍.
ബ്ലാസ്റ്റേഴ്‌സിനെതിരേ സമനില വഴങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഡല്‍ഹി കളത്തിലിറങ്ങിയത്. റിച്ചാര്‍ഡ്‌സെ ഗഡ്‌സെ ബാബറ ബാഡ്ജിക്ക് പകരവും എമേഴ്‌സന്‍ മെമോ മോറ ഫ്‌ളോറന്‍ഡ് മലൂദയ്ക്ക് പകരവും ടീമിലിടം പിടിച്ചു. നോര്‍ത്ത് ഈസ്റ്റ് നിര്‍മല്‍ ഛേത്രിക്ക് പകരം റീഗന്‍ സിങിനെയും കളത്തിലിറങ്ങി. ഡല്‍ഹിയാണ് മത്സരത്തില്‍ ആദ്യ മുന്നേറ്റം നടത്തിയത്. മാഴ്‌സലീഞ്ഞോയുടെ അപകടകരമായ ഷോട്ട് സുബ്രത പോള്‍ സേവ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ കീന്‍ ലൂയിസിന്റെ മികവുറ്റ മുന്നേറ്റം നോര്‍ത്ത് ഈസ്റ്റ് മികച്ച രീതിയില്‍ പ്രതിരോധിച്ചു. ഏഴാം മിനുട്ടില്‍ റൂബന്‍ റോച്ചയ്ക്ക് നിക്കോളാസ് വെലസിനെ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നീട് നോര്‍ത്ത് ഈസ്റ്റിന്റെ നീക്കങ്ങള്‍ ഡല്‍ഹിയുടെ പ്രതിരോധത്തിന് ഭീഷണിയുയര്‍ത്തി.
എന്നാല്‍ ഡല്‍ഹി മികച്ച രീതിയില്‍ തിരിച്ചടിച്ചു. റിച്ചാര്‍ഡ് ഗഡ്‌സെയുടെ തകര്‍പ്പനൊരു ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയത് സന്ദര്‍ശകരെ ഞെട്ടിച്ചു. 16ാം മിനുട്ടില്‍ മാഴ്‌സലീഞ്ഞോയുടെ ക്രോസില്‍ മെമോയുടെ തകര്‍പ്പന്‍ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധിച്ചു. തുടര്‍ന്ന് ലഭിച്ച കോര്‍ണറില്‍ മാര്‍ക്കോസ് തെബാറിന്റെ ഹെഡ്ഡറിനും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 24ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടയില്‍ ചിങ്കല്‍സേന സിങിന്റെ കൈയ്ക്ക് പന്ത് തട്ടി. നോര്‍ത്ത് ഈസ്റ്റ് പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. തൊട്ടുപിന്നാലെ തന്നെ കാറ്റ്‌സുമി യൂസയുടെ ഷോട്ട് ഡോബ്‌ലസിനെ പരീക്ഷിച്ച് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ റൂബന്റെ പ്രതിരോധ പിഴവില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടുമെന്ന് കരുതിയെങ്കിലും നിര്‍ഭാഗ്യം അവരെ ഗോളില്‍ നിന്നകറ്റി.
തുടര്‍ന്നങ്ങോട്ട് ഇരുടീമുകളും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്. വെലസും റോമാറിക്കും തുടരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ ഡോബ്‌ലസിന്റെ തകര്‍പ്പന്‍ സേവുകള്‍ ഡല്‍ഹി ആത്മവിശ്വാസം നല്‍കി. 36ാം മിനുട്ടില്‍ ഡല്‍ഹി മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കി.മാഴ്‌സലീഞ്ഞോയുടെ കോര്‍ണറില്‍ നിന്ന് കീന്‍ ലൂയിസ് തൊടുത്ത ഷോട്ട് ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് നോര്‍ത്ത് ഈസ്റ്റ് സമനില നേടുമെന്ന് കരുതിയെങ്കിലും റൂബന്റെ മികവ് ഗോള്‍ നിഷേധിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലും ഡല്‍ഹി മികച്ചു നിന്നെങ്കിലും പരുക്കന്‍ അടവുകളാണ് ടീം പുറത്തെടുത്ത്. 51ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. വെലസ് നടത്തിയ മികച്ചൊരു മുന്നേറ്റത്തില്‍ പന്തു ലഭിച്ച ആല്‍ഫാരോ അനായാസം ലക്ഷ്യം കാണുകയായിരുന്നു. ആല്‍ഫാരോയെ ചിങ്കല്‍സേന പ്രതിരോധിച്ചെങ്കിലും റീബൗണ്ടില്‍ പന്ത് വലയില്‍ കയറി.
55ാം മിനുട്ടില്‍ ഗഡ്‌സെ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും പന്ത് പുറത്തേക്ക് പോയി. 62ാം മിനുട്ടില്‍ ആല്‍ഫാരോയ്ക്ക് വിജയഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. പിന്നീട് ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."