ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍: വി.എസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ കടന്നാക്രമണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടി എന്ന റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് എന്ന തലക്കെട്ടിലാണ് വി.എസിന്റെ പുതിയ പോസ്റ്റ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം പരിശോധിച്ചാല്‍ മുഖ്യമന്ത്രി എന്നതിനേക്കാള്‍ ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ യോജിക്കുക റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ എന്ന വിശേഷണമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറയുന്നു. അതും അല്ലറ ചില്ലറ ഭൂമി കച്ചവടം നടത്തുന്ന ചെറുകിട ബ്രോക്കര്‍ അല്ല. ആയിര ക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ചുളു വിലയ്ക്ക് അടിച്ചു മാറ്റാന്‍ ഇടനില നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണ്.
തുടര്‍ ഭരണം വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നത് തന്നെ ഇനി ബാക്കിയുള്ള ഭൂമി കൂടി കച്ചവടം നടത്താനാണ്. ഭരണം തീരാന്‍ പോകുന്നത് അറിഞ്ഞ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഈ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മതമേധാവികള്‍ക്കുമായി നടത്തിയ ഭൂമി പതിച്ചു നല്‍കല്‍ ബമ്പര്‍ മേളയില്‍ ചിലത് ഞങ്ങളുടെ ശക്തമായ എതിര്‍പ്പിനെയും ഹൈക്കോടതി ഇടപെടലിനെയും തുടര്‍ന്ന് മരവിപ്പിക്കേണ്ടി വന്നു. ഇതിനെല്ലാം അഡ്വാന്‍സ് നല്‍കിയ വന്‍കിട മുതലാളിമാരാണ് ഇപ്പോള്‍ യു.ഡി.എഫ് പ്രചാരണത്തിനായി കോടികണക്കിന് രൂപ വാരിയെറിയുന്നതെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."