കുങ്കുമപ്പൂവും സ്വര്‍ണവുമായി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി
മംഗളൂരു: അനധികൃതമായി കടത്താന്‍ ശ്രമിച്ച കുങ്കുമപ്പൂവും സ്വര്‍ണവുമായി യുവാവ് പിടിയിലായി. കാസര്‍ക്കോട് ചെമ്പരിക്കയിലെ അബൂബക്കര്‍ സിദ്ധീഖാണ് (34) മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ ദുബൈയില്‍ നിന്നും മംഗളൂരുവിലെത്തിയ 9 ഡബ്ല്യൂ 531 ജെറ്റ് എയര്‍വേയ്സ് വിമാനത്തിലാണ് ഇയാള്‍ മംഗളൂരുവിലെത്തിയത്.
4.5 ലക്ഷം രൂപ വില വരുന്ന 233.26 ഗ്രാം സ്വര്‍ണവും 2.5 ലക്ഷം രൂപയോളം വരുന്ന 2 കിലോ ഇറാനിയന്‍ കുങ്കുമപ്പൂവുമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. കുങ്കുമപ്പൂവിന് വിപണിയില്‍ കിലോവിന് 1.25 ലക്ഷം രൂപയോളം വിലയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ജീന്‍സ് പാന്റിന്റെ സിബ്ബിനോട് ചേര്‍ന്നുള്ള രഹസ്യ അറയില്‍ മുറിച്ച് ചെറിയ കഷണങ്ങളാക്കി സൂക്ഷിച്ച നിലയിലാണ് ഉദ്യോഗസ്ഥര്‍ സ്വര്‍ണ ബിസ്ക്കറ്റുകള്‍ കണ്ടെത്തിയത്. ഇതിന്റെ സിബ്ബ് ലോഹം കൊണ്ട് നിര്മിച്ചതിനാല് മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുള്ള പരിശോധനയില്‍ അപായ സൂചന മുഴങ്ങുന്നത് സാധാരണയാണ്. ഇത് ലാക്കാക്കിയാണ് സിദ്ധീഖ് സ്വര്‍ണം ഈ രീതിയില്‍ കടത്താന്‍ ശ്രമിച്ചത്.
സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. ഇതേ തുടര്‍ന്ന് ഇയാളുടെ ബാഗുകള്കൂടി പരിശോധിച്ചതോടെ ബാഗിനുള്ളില്‍ പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച കുങ്കുമപ്പൂവും കണ്ടെടുക്കുകയായിരുന്നു. സിദ്ധീഖിനെതിരെ കേസെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."