കേരളത്തിലെ ആരോഗ്യമേഖലയില്‍ ഭയാനകസ്ഥിതി : ടി.എം തോമസ് ഐസക്ക്
മണ്ണഞ്ചേരി : കേരളത്തിലെ ആരോഗ്യമേഖല ഇപ്പോള്‍ ഭയാനകമായ സ്ഥിതിയിലാണെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക് പറഞ്ഞു.പി.കൃഷ്ണപിള്ള സ്മാരകട്രസ്റ്റിന്റെ നേതൃത്വത്തില്‍ കലവൂരില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജനകീയമെഡിക്കല് സ്റ്റോറിന്റെ ഉദ്ഘാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതരം രോഗങ്ങള്‍ക്കൊപ്പം നമ്മള് നാടുകടത്തിയെന്നുകരുതിയ പലരോഗങ്ങളും വ്യാപിക്കുകയാണ്. ജീവിതശൈലി രോഗങ്ങളും നാട്ടില്‍ അനുദിനം പെരുകുകയാണ്. നിലവില്‍ രോഗങ്ങള്‍ പിടിപെട്ടാല്‍ ഇടത്തരം കുടുംബങ്ങള്‍പോലും തകരുന്നരീതിയിലാണ് ചികിത്സാചിലവുകളുടെ ഭാരം.മരുന്നുകമ്പനിക്കാരും ആശുപത്രി നടത്തിപ്പുകാരും യോഗംകൂടിയാണ് ചികിത്സാചിലവും മരുന്നുകളുടെ വിലയും തീരുമാനിക്കുന്നതെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പലപ്പോഴും ഇത്തരക്കാര്‍ കാറ്റില്‍പറത്തുകയാണ് പതിവ്. സംസ്ഥാനത്തെ ആരോഗ്യരംഗം കാര്യക്ഷമമാക്കാന്‍ വിപുലമായ ശ്രമങ്ങളാണ് നടത്തിവരുന്നത്. മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ വരെ സുതാര്യമാകുന്നതരത്തില് അടിമുടി മാറ്റംവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.അഡ്വ.ആര്.റിയാസ് അദ്ധ്യക്ഷതവഹിച്ചു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍,സി.പി.എം.ജില്ലാസെക്രട്ടറി സജിചെറിയാന്,പി.കെ.മേദിനി,കെ.ഡി.മഹീന്ദ്രന്,പി.എ.ജുമൈലത്ത്,എന്‍.പി.സ്നേഹജന്, മഞ്ജുരതികുമാര്‍,എം.ജി.ലൈജു,എം.എസ്.സന്തോഷ്,കെ.ജി.രാജേശ്വരി,ഇന്ദിരാതിലകന്‍,സുധീഷ്ദാസ്,ഡോ.ബിന്ദുഅനില്‍,വിനീതന്,നൗഷാദ് പുതുവീട്,വി.വേണു എന്നിവര്‍പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."