തീരദേശ പാതയിലെ ചപ്പാത്ത് അപകടക്കെണിയാകുന്നു
ഹരിപ്പാട്: വലിയഴീക്കല്‍ തൃക്കുന്നപ്പുഴ തീരദേശ പാതയില്‍ അപകടക്കെണി. പെരുമ്പളളി ജങ്കാര്‍ ജങ്ഷന് വടക്ക് രാമഞ്ചേരിയുടെ തുടക്കത്തില്‍ തറയോട് പാകിയഭാഗത്തെ ചപ്പാത്താണ് യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നത്.
അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരുമാസത്തിനുളളില്‍ ഇരുപതോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നവയിലധികവും. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് അംഗം ബി.ഗോപാലകൃഷ്ണനും കഴിഞ്ഞദിവസം ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. ഇയാള്‍ക്ക് സാരമായി പരിക്കേറ്റു.
കടല്‍ വെളളം അടിച്ചുകയറുന്നതിനാല്‍ റോഡ് തകരാതിരിക്കാനാണ് 25 മീറ്ററോളം നീളത്തില്‍ ഓട് പാകിയത്. എന്നാല്‍, വെളളം തിരികെ ഒഴുകുന്നതിനായി ഇരുവശങ്ങളില്‍ നിന്ന് ഒരേ പോലെ ചരിച്ചു നിര്‍മ്മിക്കേണ്ടിയിരുന്ന ചപ്പാത്ത് തെക്കു വശം ചേര്‍ന്നാണ് നിര്‍മ്മിച്ചിട്ടുളളത്.
അശാസ്ത്രീയമായ നിര്‍മ്മാണമായതിനാല്‍ ഈ ഭാഗത്ത് ഇരു ചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും തട്ടി ചരിയാനുളള സാധ്യതകൂടുതലാണ്. കൂടാതെ പാകിയിരിക്കുന്ന ഓടും റോഡിന് അനുയോജ്യമല്ലെന്ന് പരാതിയുണ്ട്.
ഗ്രിപ്പ് കുറവായതിനാല്‍ ചാറ്റല്‍ മഴയില്‍പ്പോലും വാഹനങ്ങള്‍ തെന്നി അപകടമുണ്ടാകാനുളള സാധ്യതയുണ്ട്. ജീവന്റെ സുരക്ഷക്കായി ഈ ഭാഗത്തെ റോഡിന്റെ അപാകത പരിഹരിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."