മന്ത്രിപദവി വിട്ടുനല്‍കരുതെന്നു അവകാശവാദം
കണ്ണൂര്‍: വ്യവസായ മന്ത്രിപദംരാജിവച്ച മന്ത്രി ഇ.പിജയരാജനു ശേഷം കണ്ണൂരില്‍ നിന്നും മറ്റൊരു മന്ത്രിയെന്ന ചര്‍ച്ച സി. പി. എമ്മില്‍ പുരോഗമിക്കുന്നു. ഇതുസംബന്ധിച്ചു ജില്ലയിലെ നേതാക്കള്‍തങ്ങളുടെ അഭിപ്രായം ഇന്നലെ ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ അറിയിച്ചതായി സൂചനയുണ്ട്.
ഇ.പിക്കും പകരം ജില്ലയിലെ ഏതെങ്കിലും ഒരുനേതാവിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍, ജില്ലാസെക്രട്ടറി പി. ജയരാജന്‍, ജെയിംസ് മാത്യു എം. എല്‍. എ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. ഇതില്‍ ജെയിംസ് മാത്യുവിന് പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയാക്കി പി.ജയരാജനെ മന്ത്രിയാക്കണമെന്ന ആവശവും ശക്തമാണ്. സുതാര്യമായ വ്യക്തിത്വവും സ്വജനപക്ഷമാതമില്ലായ്മയുമാണ് ജയരാജനെ ഭരണതലത്തില്‍ കൊണ്ടുവരുന്നതിനായി വാദിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങള്‍. ജെയിംസ് മാത്യു പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ് സി. പി. എം കോട്ടകളിലൊന്നാണ്.
ജെയിംസിനു ജില്ലാസെക്രട്ടറിയുടെ ചുമതല നല്‍കി എം. എല്‍. എസ്ഥാനം രാജിവയ്പ്പിച്ചു ഇവിടെ നിന്നും ജയരാജനെ മത്സരിപ്പിക്കണമെന്നാണ് ചില പ്രാദേശിക നേതൃത്വങ്ങള്‍ ആവശ്യപ്പെടുന്നത്. ആരോപണവിധേയനായ ഇ.പി ജയരാജന്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി കുറ്റവിമുക്തനായാലും മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ഏറെ കുറവാണ്.ജയരാജനെതിരെ പാര്‍ട്ടിതലത്തില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ നിന്നും വിവിധ ഘടകങ്ങള്‍ ഇനിയും പുറകോട്ടുപോയിട്ടില്ല. ഈ പാശ്ചാത്തലത്തില്‍ വിജിലന്‍സ്‌കുടുക്കില്‍ ജയരാജന്‍കുടുങ്ങിയാല്‍ എം. എല്‍. എസ്ഥാനം രാജിവയ്ക്കാനും മുറവിളിയുണ്ടാകും.
ഇതിനായുള്ള അണിയറ നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ജയരാജന്‍ പ്രതിനിധീകരിക്കുന്ന മട്ടന്നൂര്‍ സി. പി. എമ്മിന്റെ ഉറച്ച നിയമസഭാ മണ്ഡലങ്ങളിലൊന്നാണ്. സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളില്‍ രണ്ടാമത്തെ റെക്കാഡ് ഭൂരിപക്ഷമാണ് മട്ടന്നൂര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയരാജനു നല്‍കിയത്. ഇവിടെ ആരു സി.പി. എം സ്ഥാനാര്‍ഥിയായാലും നല്ലഭൂരിപക്ഷത്തിനു ജയിക്കാനാവും. ഈ സാഹചര്യം ഉപയോഗിക്കാനും പാര്‍ട്ടിയിലെ ഒരുവിഭാഗം ആലോചിക്കുന്നുണ്ട്. ഇ.പി ജയരാജനു പകരം സുരേഷ് കുറുപ്പിനെ മന്ത്രിയാക്കാന്‍ സി.പി. എമ്മിലെ തെക്കന്‍വിഭാഗം ആലോചിക്കുന്നുണ്ട്.
ഇതു നടന്നില്ലെങ്കില്‍ തോമസ് ഐസക്ക്, എ.കെ ബാലന്‍ എന്നിവര്‍ക്കു അധികചുമതലനല്‍കണമെന്ന വാദവുമുയരുന്നുണ്ട്. എര്‍ണാകുളം, കോട്ടയം എന്നീ ജില്ലകളടങ്ങുന്ന മധ്യതിരുവിതാംകൂറിന് സി.പി. എമ്മില്‍ നിന്നുള്ള മന്ത്രിമാരെ ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സുരേഷ് കുറുപ്പിനു മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തിറങ്ങിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."