നെയ്യാര്‍ ഡാമില്‍ വീണ്ടും ചീങ്കണ്ണിയുടെ സാന്നിധ്യം
ദുരന്തത്തെ ഓര്‍ത്തെടുത്തും ആശങ്ക പങ്കിട്ടും കൃഷ്ണമ്മ
അമ്പൂരി: അത് പറയാന്‍ അവര്‍ക്ക് തെല്ലും വിഷമമില്ല. തന്റെ ജീവിതം തകര്‍ത്ത ചീങ്കണ്ണിയെ കുറിച്ച് പറയുന്ന വാക്കുകള്‍ ഒരു നാടിന്റെ മൊത്തം വേദനയാകുമ്പോള്‍ കൃഷ്ണമ്മ അതിന്റെ ഭാഗമായി മാറുകയാണ്. നെയ്യാര്‍ ജലസംഭരണിയിലെ ചീങ്കണ്ണി ആക്രമിച്ചതും മണിക്കൂറുകളോളം തന്നെ സംഭരണിയില്‍ താഴ്ത്തിയിട്ടതും ഒടുവില്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയും ചെയ്ത കള്ളിക്കാട് മരകുന്നം സ്വദേശി കൃഷ്ണമ്മയ്ക്ക് നഷ്ടമായത് തന്റെ വലതു കൈയാണ്. ചീങ്കണ്ണി ദുരിതത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി നില്‍ക്കവെയാണ് വീണ്ടും അവ തലപൊക്കിയിരിക്കുന്നതും ആശങ്കയുടെ ദിനങ്ങള്‍ സമ്മാനിക്കുന്നതും.
തലസ്ഥാനജില്ലയിലെ അമ്പൂരി മുതല്‍ കാപ്പുകാട് വരെ നെയ്യാര്‍ അണക്കെട്ടിലെ ചീങ്കണ്ണികള്‍ വീണ്ടും തലപൊക്കുന്ന സംഭവമാണ് വന്നിരിക്കുന്നത്. മനുഷ്യരെ വരെ ആക്രമിച്ച് കൊലപ്പെടുത്തി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ചീങ്കണ്ണികളാണ് ഒരിടവേളക്ക് ശേഷം വീണ്ടുമെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അണക്കെട്ടിന്റെ വിവിധയിടങ്ങളില്‍ ചീങ്കണ്ണിയെ കണ്ടിരുന്നു. ഇതോടെ ഡാമിന്റെ വ്യഷ്ടി പ്രദേശത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. ഡാമില്‍ കുളിക്കാന്‍ എത്തിയ പന്ത, കരിമണ്‍കുളം , നിരപ്പുകാല പ്രദേശത്തുള്ളവരാണ് ചീങ്കണ്ണിയെ കണ്ടത്. ഇതോടെ കുളിക്കാനും അക്കരെ പോകാനും കഴിയാത്ത അവസ്ഥയാണ് മൂന്ന് പഞ്ചായത്തുകളിലുള്ളവര്‍ക്ക്. ചീങ്കണ്ണികളുടെ വംശനാശം ഒഴിവാക്കാനാണ് നെയ്യാറിലെ തടിവെട്ട് തടയാനായി വളര്‍ച്ച എത്തിയ ചീങ്കണ്ണികളെ 1983 ല്‍ അന്നത്തെ വനം മന്ത്രി കെ.പി നൂറുദ്ദീനാണ് അണക്കെട്ടിലേക്ക് തുറന്നു വിട്ടത്. അതിന്റെ ആദ്യ ഇരയായിരുന്നു കൃഷ്ണമ്മ. സംഭരണി വരുന്ന മരകുന്നത്ത് താമസിച്ചിരുന്ന കൃഷ്ണമ്മയെ ചീങ്കണ്ണി ആക്രമിക്കുന്നത് 1987 മാര്‍ച്ച് ഒന്നിനാണ്. വെള്ളം എടുക്കാന്‍ പോയ കൃഷ്ണമ്മയെ പിടികൂടിയ ചീങ്കണ്ണി ഡാമിന്റെ ഉള്ളിലേക്ക് വലിച്ചിഴച്ചു. മണിക്കൂറുകളോളം ചീങ്കണ്ണിയുമായി മല്‍പിടുത്തത്തിലായിരുന്ന കൃഷ്ണമ്മയെ രക്ഷിക്കാന്‍ അയല്‍വാസികള്‍ ചാടി. ഒടുവില്‍ ചീങ്കണ്ണി വലതു കൈ കടിച്ചുപറിച്ചശേഷമാണ് ഇവരെ ഉപേക്ഷിച്ചത്. ശരീരത്തില്‍ 30ളം തുന്നികെട്ട് വേണ്ടി വന്നു ഇവര്‍ക്ക്. ഇതിനു ശേഷമാണ് നെയ്യാറിലെ ചീങ്കണ്ണികള്‍ അക്രമകാരികളാണെന്ന് നാട്ടുകാര്‍ അറിയുന്നത്. ഒടുവില്‍ കൃഷ്ണമ്മ ചീങ്കണ്ണികളെ വളര്‍ത്തുന്ന പാര്‍ക്കിന്റെ താല്‍ക്കാലിക ജീവനക്കാരിയായി വനം വകുപ്പ് നിയമിച്ചത് മറ്റൊരു നിയോഗമായി മാറുകയും ചെയ്തു. അതിനിടെ ചീങ്കണ്ണി നിരവധി പേരെ ആക്രമിക്കുകയും നാലോളം പേരെ കൊല്ലുകയും ചെയ്തു. ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ താമസിക്കുന്നവരുടെ വീടുകളില്‍ കയറി വളര്‍ത്തുമ്യഗങ്ങളെ കൊല്ലുകയും ചെയ്തു.
ജനരോഷത്തെ തുടര്‍ന്ന് ചീങ്കണ്ണികളെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം തുടങ്ങി. ചീങ്കണ്ണി പിടുത്തക്കാരെ കൊണ്ടുവന്ന് പിടിക്കാന്‍ ആദ്യം ശ്രമിച്ചു. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചു. അത് പരാജയമായതോടെ നാട്ടുകാരുടെ സഹകരണത്തോടെ വലയിട്ട് പിടിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളോടെ ശ്രമം തുടങ്ങി. അങ്ങനെ ഇക്കോ കമ്മിറ്റികളുടെ സഹകരണത്തോടെ ഡാമിലെ ചീങ്കണ്ണികളെ മുഴുവന്‍ 2003 അവസാനത്തോടെ പിടിച്ചുമാറ്റിയെന്ന് വനം വകുപ്പ് അവകാശപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും പേടി സ്വപ്നമായ ചീങ്കണ്ണികള്‍ മാറി എന്നു കരുതിയിരിക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ഇവ തലപൊക്കിയിരിക്കുന്നത്.ഡാമിലെ മുഴുവന്‍ ചീങ്കണ്ണികളും വേരറ്റു പോയിട്ടില്ല എന്നാണ് ഇത് കാണിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ചീങ്കണ്ണികളെ കുറിച്ച് പരാതി പറഞ്ഞാല്‍ ഗൗരവത്തിലെടുക്കാന്‍ വനം വകുപ്പ് തയാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."