ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ജയം
അനായാസം ഇന്ത്യ
കോഹ്‌ലി പുറത്താകാതെ 85 റണ്‍സ്
അരങ്ങേറ്റ മത്സരത്തില്‍ മൂന്നു വിക്കറ്റെടുത്ത് ഹര്‍ദിക് പാണ്ഡ്യ കളിയിലെ കേമനായി
ധര്‍മശാല: ടെസ്റ്റ് മത്സരം തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ അനായാസ വിജയത്തോടെ തുടങ്ങി. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡിനെ 190 റണ്‍സില്‍ ചുരുട്ടികൂട്ടിയ ഇന്ത്യ 33.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 194 റണ്‍സെടുത്ത് ആറു വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തു. ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി മികച്ച ബാറ്റിങുമായി പട നയിച്ചപ്പോള്‍ ഇന്ത്യ വേവലാതികളില്ലാതെയാണ് വിജയ തീരത്തെത്തിയത്. 81 പന്തുകള്‍ നേരിട്ട് പുറത്താകാതെ 85 റണ്‍സെടുത്ത് കോഹ്‌ലി ടോപ് സ്‌കോററായി. ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച് ഏഴോവറില്‍ 31 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യ കളിയിലെ കേമനായി അരങ്ങേറ്റം അവിസ്മരണീയമാക്കി.
അജിന്‍ക്യ രഹാനെ (33), ധോണി (21), മനീഷ് പാണ്ഡെ (17), രോഹിത് ശര്‍മ (14) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. കേദാര്‍ ജാദവ് (10) പുറത്താകാതെ കോഹ്‌ലിക്കൊപ്പം വിജയത്തില്‍ പങ്കാളിയായി. ഒന്‍പത് ഫോറും ഒരു സിക്‌സും പറത്തിയാണ് കോഹ്‌ലി അര്‍ധ ശതകം പിന്നിട്ടത്. ഓപണറായി ഇറങ്ങിയ രഹാനെ 32 പന്തുകളില്‍ നിന്നു നാലു ഫോറും രണ്ടു സിക്‌സും പറത്തിയാണ് 33 റണ്‍സ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനായി ബ്രയ്‌സവെല്‍, നീഷം, സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തപ്പോള്‍ ധോണി റണ്ണൗട്ടായി.
ടോസ് നേടി ഇന്ത്യന്‍ നായകന്‍ ധോണി കിവീസിനെ ബാറ്റിങിനയക്കുകയായിരുന്നു. സ്പിന്‍ ബൗളിങിനു മുന്നില്‍ അവരുടെ ബാറ്റിങ് നിര പതിവു പോലെ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ധര്‍മശാലയിലും. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഓപണര്‍ ടോം ലാതം ഒരറ്റത്ത് ഉറച്ചു നിന്നതാണ് അവര്‍ക്ക് തുണയായത് പുറത്താകാതെ 79 റണ്‍സെടുത്ത ലാതത്തിനെ പത്താമനായി ക്രീസിലെത്തി ടിം സൗത്തി അപ്രതീക്ഷിതമായി പിന്തുണച്ചതോടെ അവരുടെ സ്‌കോറിങിനു ജീവന്‍ വച്ചു. 45 പന്തുകള്‍ നേരിട്ട സൗത്തി 55 റണ്‍സുമായി ക്ഷണത്തില്‍ റണ്‍സ് വാരിയതാണ് അവരുടെ സ്‌കോറിനു മാന്യത നല്‍കിയത്.
മൂന്നു വിക്കറ്റു നേടിയ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം മൂന്നു വിക്കറ്റുമായി അമിത് മിശ്രയും രണ്ടു വീതം വിക്കറ്റെടുത്ത് ഉമേഷ് യാദവും കേദാര്‍ ജാദവും തിളങ്ങിയതോടെ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായത്.
ഒരു ഘട്ടത്തില്‍ കിവികള്‍ 65 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റ് നഷ്ടപ്പെട്ട് പരിതാപകരമായ അവസ്ഥയിലായിരുന്നു. 106 റണ്‍സെത്തിയപ്പോള്‍ എട്ടാം വിക്കറ്റും നഷ്ടപ്പെട്ട കിവികളെ ലാതം- സൗത്തി കൂട്ടുകെട്ട് പത്താം വിക്കറ്റില്‍ ചേര്‍ത്ത 71 റണ്‍സാണ് കരയിലെത്തിച്ചത്.
ന്യൂസിലന്‍ഡ് നിരയില്‍ മൂന്നു പേര്‍ സംപൂജ്യരായപ്പോള്‍ മൂന്നു പേര്‍ക്ക് ഒറ്റയക്കം കടക്കാനായില്ല. ലാതം 98 പന്ത് നേരിട്ടപ്പോള്‍ 45 പന്തില്‍ നിന്നു മൂന്നു സിക്‌സും ആറു ബൗണ്ടറികളുമായാണ് സൗത്തി നിറഞ്ഞത്. സൗത്തി പുറത്തായതോടെ കിവികളുടെ ഇന്നിങ്‌സിനും പിന്നെ അധികം ആയുസുണ്ടായില്ല.
പത്താം നമ്പറിലിറങ്ങി അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടവും അതിനിടെ സൗത്തി സ്വന്തമാക്കി. 40 പന്തില്‍ നിന്നാണ് സൗത്തി 50 പിന്നിട്ടത്.
മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (12), കെയ്ന്‍ വില്യംസന്‍ (മൂന്ന്), റോസ് ടെയ്‌ലര്‍ (പൂജ്യം), കൊറി ആന്‍ഡേഴ്‌സന്‍ (നാല്), ലൂക്ക് റോഞ്ചി (പൂജ്യം), നീഷം (10), മിച്ചല്‍ സാന്റ്‌നര്‍ (പൂജ്യം), ബ്രയ്‌സവെല്‍ (15), സോധി (ഒന്ന്) എന്ന നിലയിലായിരുന്നു കിവീസ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.
രണ്ടാം ഏകദിനം ഈ മാസം 20നു ഡല്‍ഹിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."