കുടിവെള്ളത്തിനായി പരക്കംപാഞ്ഞ് ജനങ്ങള്‍; പദ്ധതികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതം
കോഴിക്കോട്: കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ കോടിക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ച കുടിവെള്ള പദ്ധതികള്‍ നിശ്ചലാവസ്ഥയില്‍. സംസ്ഥാനത്തെ കുടിവെള്ള പദ്ധതികളുടെ പകുതിയിലധികവും പ്രവര്‍ത്തനരഹിതമാണ്. 32562 കുടിവെള്ള പദ്ധതികളാണ് കേരളത്തില്‍ സ്ഥാപിച്ചത്. ഇതില്‍ 44.5 ശതമാനം പദ്ധതികളില്‍ മാത്രമാണ് വെള്ളമുള്ളത്.
ജലഅതോറിറ്റിയുടെ പദ്ധതികള്‍ മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം പല കാരണങ്ങള്‍ കൊണ്ട് പ്രവര്‍ത്തനരഹിതമാണ്. ത്രിതല പഞ്ചായത്തുകള്‍ വഴി ചെറുതും വലുതുമായ ആയിരക്കണക്കിന് കുടിവെള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നെങ്കിലും ഇവയില്‍ പലതും നിശ്ചലമാവുകയായിരുന്നു. ചില പദ്ധതികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒരിക്കല്‍ പോലും ഇതിലൂടെ ജലവിതരണം നടന്നിട്ടില്ല.
ഗ്രാമീണ കുടിവെള്ള പദ്ധതി എന്ന പേരില്‍ കോടികള്‍ മുടക്കിയാണ് ഓരോ പദ്ധതിയും ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് ഇവയിലധികവും തുടങ്ങിയത്.
എന്നാല്‍ കുടിവെള്ളക്ഷാമം രൂക്ഷമായതല്ലാതെ മറ്റു പ്രയോജനങ്ങളൊന്നും ഇതു കൊണ്ടുണ്ടായില്ല. ഒരുപാട് കാത്തിരുന്ന് പല കടമ്പകളും കടന്ന് ആരംഭിച്ചവയായിരുന്നു കൂടുതല്‍ പദ്ധതികളും. കുളങ്ങളേയും കിണറുകളേയും ജലസ്രോതസ്സുകളായി പരിഗണിച്ചാണ് ഇവയില്‍ പല പദ്ധതികളും ആരംഭിച്ചത്.
എന്നാല്‍ കൃത്യമായ പരിപാലനമില്ലാത്തതിനാല്‍ എല്ലാം പാഴായി. പതിനാറ് ശതമാനത്തോളം പദ്ധതികള്‍ ആവശ്യമായ വെള്ളം കിട്ടാത്തതിനാലാണ് നിശ്ചലമായത്. പദ്ധതികളിലെ വെള്ളം ശുദ്ധീകരിച്ചേ വിതരണം ചെയ്യാവൂ എന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇരുനൂറ് പദ്ധതികളിലും അതിനുള്ള സംവിധാനമില്ല. ഉള്ള സ്ഥലങ്ങളില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുന്നുമില്ല. മുക്കിലും മൂലയിലും കുടിവെള്ള പദ്ധതികളുണ്ടായിട്ടും വെള്ളം കിട്ടാത്ത ഗതികേടിലാണ് മലയാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."