പഠന-ഗവേഷണ സഹകരണം: മാലിദ്വീപ് സംഘം കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തി
തേഞ്ഞിപ്പലം: പഠന-ഗവേഷണ മേഖലകളില്‍ സഹകരണം തേടി മാലിദ്വീപ് ഉന്നതതലസംഘം കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തി. ദ്വിവേഹി ഭാഷാ അക്കാദമിയുടെ പ്രസിഡന്റ് അഷ്‌റഫലി, വൈസ് പ്രസിഡന്റ് റാഫിയ അബ്ദുല്‍ ഖാദിര്‍, കണ്‍സള്‍ട്ടന്റും മാലിദ്വീപ് മുന്‍ പ്രസിഡന്റ് ഇബ്‌റാഹീം നാസിറിന്റെ പത്‌നിയുമായ നസീമാ മുഹമ്മദ്, റിസര്‍ച്ച് ഓഫിസര്‍ ഐഷത് സാനിയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍, അറബിക് പഠനവകുപ്പ് മേധാവി ഡോ.എ.ബി മൊയ്തീന്‍ കുട്ടി, സംസ്‌കൃത പഠനവകുപ്പ് മേധാവി ഡോ.കെ.കെ ഗീതാകുമാരി, മലയാള പഠനവകുപ്പ് മേധാവി ഡോ. ഉമര്‍ തറമേല്‍ തുടങ്ങിയവരുമായി സംഘംചര്‍ച്ചകള്‍ നടത്തി. മാലിദ്വീപിലെ ദ്വിവേഹി ഭാഷയ്ക്ക് മലയാളം ഉള്‍പ്പെടെ ദ്രാവിഡ ഭാഷകളുമായി ബന്ധമുണ്ട്. ദ്വിവേഹിയിലുള്ള നിരവധി പദങ്ങള്‍ മലയാളത്തിലും മറ്റു ദ്രാവിഡ ഭാഷകളിലും ഉള്ളവയാണ്. ഭാഷാപരമായ ഈ സാമ്യത്തിന് കാരണമാവുന്ന ചരിത്രപരമായ വസ്തുതകളിലേക്കും പരസ്പരബന്ധത്തിന്റെ കണ്ണികളിലേക്കും നീളുന്ന അന്വേഷണത്തില്‍ സഹകരിക്കാന്‍ സര്‍വകലാശാല സന്നദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
മാലി വിദ്യാര്‍ഥികളെ സര്‍വകലാശാലക്ക് കീഴില്‍ ഉപരിപഠനത്തിന് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം സംഘത്തെ അറിയിച്ചു. കണ്ണൂര്‍ രാജാവും മാലിദ്വീപും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പരിശോധിച്ച് ഭാഷ, സാംസ്‌കാരിക ചരിത്രം എന്നിവ പഠിക്കുവാനും സംഘത്തിന്റെ പരിഗണനയിലുണ്ട്. ദ്വിവേഹിയും മാലിദ്വീപിലെ ആദ്യകാല ഭാഷകളും രൂപപ്പെടുത്തുന്നതില്‍ ദ്രാവിഡ ഭാഷയുടെ സ്വാധീനത്തെപ്പറ്റിയുള്ള ഗവേഷണ പഠനങ്ങള്‍ക്ക് സര്‍വകലാശാലയുടെ സഹായം ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."