ഖാസികേസില്‍ സമരം തുടരേണ്ടി വരുന്നത് ലജ്ജാകരം: പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അബ്ദുല്ല മൗലാവിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ മറ്റൊരു കുടുംബമായ സമസ്തക്കും പൊതു സമൂഹത്തിനും നീതി ലഭിക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സി. അബ്ദുല്ല മൗലവിയുടെ കുടുംബാംഗങ്ങളും ജനകീയ ആക്ഷന്‍ കമ്മിറ്റിയും കാസര്‍കോട് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനാലാം ദിവസമായ ഇന്നലെ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ പണ്ഡിതനും ഒരു നാടിന്റെ സ്‌നേഹഭാജനവുമായിരുന്ന അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സമൂഹത്തിനു ദിശാസൂചികയായി പ്രവര്‍ത്തിക്കുന്നവരാണ് മതപണ്ഡിതര്‍. ഗുരുതരമായ വീഴ്ചയാണ് അബ്ദുല്ല മൗലവിയുടെ കേസില്‍ അന്വേഷണ സംഘംവരുത്തിയത്. ഇത് ഒരു മുസ്‌ലിമിന്റെയും ഹിന്ദുവിന്റെയും പ്രശ്‌നമല്ല, രാഷ്ട്രത്തിന്റെ പ്രശ്‌നമാണ്. ഇത്രയും വലിയൊരു പണ്ഡിതന്റെ കൊലയാളികളെ പിടികൂടാനാകാത്തത് ദുഖകരമാണ്. ഇതിന്റെ പേരില്‍ സമരത്തിനിറങ്ങേണ്ടി വരുന്നതും ലജ്ജാകരമാണ്. അബ്ദുല്ല മൗലവിയെപ്പോലുള്ള ഒരു മതപണ്ഡിതന്റെ കൊലപാതകം നടന്ന് ആറുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണ്. അധികൃതര്‍ ഈ സമരത്തെ ഇനിയും കണ്ടില്ലെന്നു നടിക്കരുതെന്നും കൊലപാതകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും മതപണ്ഡിതരും സമരം ചെയ്യേണ്ടിവരുന്നത് നമ്മുടെ നാട്ടിലെ പരിതാപകരമായ സ്ഥിതിയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി,ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍,എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍,പ്രൊഫ. മാധവപ്പണിക്കര്‍, ഖത്തര്‍ അബ്ദുല്ലഹാജി, മേധ സുരേന്ദ്രനാഥ്, ബഷീര്‍ ദാരിമി,ഹമീദ് കുണിയ, ശഹീദ് മൗലവി, അഷ്‌റഫ് ഉലൂജി, പ്രേമചന്ദ്രന്‍ ചോമ്പാലം, സലിം ദേളി, ഹമീദ് ബദിയടുക്ക, മഹ്മൂദ് ദേളി, ബി.കെ. മുഹമ്മദ്കുഞ്ഞി, മേരി സുരേന്ദ്രനാഥ്, കെ.വി. രവീന്ദ്രന്‍, നിസാര്‍ ബെള്ളിപ്പാടി, ജമാലുദ്ദീന്‍ ബുര്‍ഹാനി, അബ്ദുല്‍ റഹിമാന്‍ തുരുത്തി, അമീന്‍ കോളിയടുക്കം, റയിസ്, ഇര്‍ഫാന്‍, ലദീദ്, ത്വാഹിര്‍, ബാസിത്ത് അബ്ദുല്‍ ഖാദര്‍ സഅദി,ഖലീല്‍ ഒ.എ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."