പത്തുവര്‍ഷത്തെ നിയമനങ്ങളും അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രി കൂടി അറിഞ്ഞാണു നടന്നതെന്നും അതിനാല്‍ അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്കുകൂടി അന്വേഷണ പരിധിയില്‍ വരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. മന്ത്രിയായിരുന്ന ജയരാജന്‍ തന്റെ ലെറ്റര്‍പാഡിലാണു നിയമനങ്ങള്‍ നടത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നു കത്തുകളുടെ പകര്‍പ്പ് ഹാജരാക്കി ചെന്നിത്തല പറഞ്ഞു.
തന്റെ ഭരണം മാഫിയകള്‍ക്കും നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും രസിച്ചിട്ടില്ലെന്നും അവരുടെ ഗൂഢാലോചന മൂലമാണു താന്‍ രാജിവയ്ക്കാനിടയായതെന്നുമാണു ജയരാജന്‍ പറഞ്ഞത്. ജയരാജന്‍ രാജിവയ്ക്കണമെന്ന തീരുമാനമെടുത്തതു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണെന്നാണു വാര്‍ത്തകള്‍ പുറത്തുവരുന്നത്. അപ്പോള്‍ മാഫിയയെന്നു പറഞ്ഞത് അവരെ ആരെങ്കിലുമാണോ? ബന്ധുക്കളെയും പാര്‍ട്ടിക്കാരായ ആളുകളെയും നിയമിക്കണമെന്ന് ജയരാജന്‍ തന്റെ ലെറ്റര്‍പാഡില്‍ എഴുതിക്കൊടുത്തതിന്റെ പകര്‍പ്പ് തന്റെ കൈയിലുണ്ട്. ഇതു വ്യവസായ വകുപ്പുമന്ത്രി വഴി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തണമെന്നു വകുപ്പിന്റെ ചുമതലയുള്ള അഡിഷനല്‍ ചീഫ് സെക്രട്ടറി അതില്‍ കുറിപ്പെഴുതി. ഈ ഫയല്‍ മുഖ്യമന്ത്രി കണ്ടിട്ടുണ്ടോയെന്നാണ് അദ്ദേഹത്തോടു ചോദിക്കാനുള്ളത്. ഒരു മന്ത്രി ഇങ്ങനെ കത്തെഴുതാമോ ?- ചെന്നിത്തല ചോദിച്ചു.
നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചു സ്വന്തം ലെറ്റര്‍പാഡില്‍ നിയമന ഉത്തരവ് നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചത് എന്തു ധാര്‍മികതയുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ? മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലെന്നു പറയുന്നു. മുഖ്യമന്ത്രി ഇതൊന്നും അറിയണമെന്നില്ല എന്നാണിപ്പോള്‍ അദ്ദേഹം പറയുന്നത്. റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ഹെഡ്‌സ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റിനു തുല്യമായി വരുന്ന എം.ഡിമാരുടെ നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുന്‍പായി മുഖ്യമന്ത്രിക്കു സമര്‍പ്പിക്കേണ്ടതാണ്. എന്തുകൊണ്ട് അതു നല്‍കിയില്ല. അല്ലെങ്കില്‍ മുഖ്യമന്ത്രി അതു കിട്ടിയിട്ടും മറച്ചുവയ്ക്കുകയായിരുന്നോ ?
രാഷ്ട്രീയ പ്രവര്‍ത്തകന്റെ ബന്ധുവാണെന്നു കരുതി ഒരു നിയമനവും ആര്‍ക്കും കൊടുക്കരുതെന്ന അഭിപ്രായമില്ല. പക്ഷെ ഈ വ്യക്തിക്ക് അതിന് അര്‍ഹതയുണ്ടോയെന്നു പരിശോധിക്കേണ്ടതാണ്. ഇ.പി ജയരാജന്‍ നല്ല ചിറ്റപ്പനാണ്. എനിക്കതില്‍ സന്തോഷമുണ്ട്. അദ്ദേഹം നല്ല ചിറ്റപ്പന്റെ ജോലി ചെയ്തതില്‍ കേരളം അദ്ദേഹത്തെ ക്രൂശിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സെന്‍ ബുദ്ധിസ്റ്റുകളുടെ ഒരു കഥയുണ്ട്. സെന്‍ ബുദ്ധിസ്റ്റുകള്‍ പാപം പരിഹരിക്കാന്‍ എന്തുചെയ്യണമെന്നു പുരോഹിതന്‍ ശിഷ്യനോടു ചോദിച്ചു. അതിനായി ആദ്യം പാപം ചെയ്യണമെന്നായിരുന്നു ശിഷ്യന്റെ മറുപടി. പാപം ചെയ്താലേ പരിഹാരം ചെയ്യാന്‍ കഴിയുകയുള്ളൂ. ഇവിടെ ഇ.പി ജയരാജന്‍ ചെയ്തത് അതാണ്. ഇടതുമുന്നണിയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ആദ്യം അധാര്‍മികത ചെയ്യുന്നു.
ഒന്നാം നമ്പറിലിരിക്കുന്ന മുഖ്യമന്ത്രി തൊട്ടടുത്തിരിക്കുന്ന ഇ.പി ജയരാജന്‍ ചെയ്ത കുറ്റങ്ങളൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് ആരെ വിഡ്ഢികളാക്കാനാണ്. കൈയോടെ പിടിച്ചപ്പോള്‍ മുഖം രക്ഷിക്കാനാണ് ഇപ്പോള്‍ ജയരാജനെ ബലി കൊടുത്തത്. അഞ്ചുവര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. പത്തു വര്‍ഷത്തെ നിയമനം അന്വേഷിക്കണമെന്നു താന്‍ ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."