വകുപ്പുതല നിയമനങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. നിയമനങ്ങള്‍ സംബന്ധിച്ച ഒന്നും തന്റെ പരിഗണനയില്‍ വന്നിട്ടില്ല, വരേണ്ട വിഷയവുമല്ല. അതു വകുപ്പുമന്ത്രി മാത്രം അറിഞ്ഞാല്‍ മതി. യു.ഡി.എഫ് മന്ത്രിമാരെ സംരക്ഷിച്ച സമീപനമല്ല, എല്‍.ഡി.എഫിന്റേതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തില്‍ ഇടപെട്ടാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിയമന വിവാദമുണ്ടായപ്പോള്‍ തന്നെ താന്‍ പ്രതികരിച്ചു. സംഭവം ഗൗരവമുള്ളതാണെന്നും പാര്‍ട്ടിയും സര്‍ക്കാരും ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്ന് അന്നുതന്നെ താന്‍ പറഞ്ഞു. അതുതന്നെയാണ് ഇപ്പോഴും പറയുന്നത്. മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇ.പി ജയരാജന്‍ രാജിവച്ചത്. രാജിവയ്ക്കുന്നുവെന്ന് ഇ.പി തന്നെയാണു പറഞ്ഞത്. അതു ശരിയാണെന്നു തനിക്കും പാര്‍ട്ടിക്കും തോന്നിയതിനാല്‍ സമ്മതിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് ഇതു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്ഷേപങ്ങളോടുള്ള എല്‍.ഡി.എഫിന്റെ നിലപാട് യു.ഡി.എഫിന്റെ നിലപാടില്‍നിന്നു വ്യത്യസ്തമാണ്. യു.ഡി.എഫ് സര്‍ക്കാരിലെ പലരും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടും ആരും മന്ത്രിസ്ഥാനം വിടാന്‍ തയാറായില്ല. ആക്ഷേപങ്ങള്‍ വന്നപ്പോള്‍ അവര്‍ തെളിവില്ലെന്നു പറഞ്ഞു. തെളിവുകള്‍ കൊണ്ടുവന്നപ്പോള്‍ വിജിലന്‍സ് അന്വേഷിക്കട്ടെയെന്നും, അന്വേഷിച്ചു കണ്ടെത്തിയപ്പോള്‍ നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നും, കോടതി കണ്ടെത്തിയപ്പോള്‍ ജനകീയ കോടതി തെളിയിക്കട്ടെയെന്നുമെല്ലാം പറഞ്ഞൊഴിയുകയായിരുന്നു. ഒടുവില്‍, ജനകീയ കോടതിയും എതിരായപ്പോള്‍ മനസാക്ഷിയെ കൂട്ടുപിടിക്കുകയാണു ചെയ്തത്. അങ്ങനെ അധികാരത്തില്‍ കടിച്ചുതൂങ്ങുകയല്ല ജയരാജന്‍ ചെയ്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.
അതേസമയം, കിന്‍ഫ്രാ മാനേജിങ് ഡയരക്ടറായി നിയമിതനായ നിശാന്ത് പിണറായിയില്‍ നിന്നുള്ളയാളാണെന്നും അതും മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നുമുള്ള വി.ഡി സതീശന്റെ ചോദ്യത്തിന് പിണറായിയില്‍നിന്ന് ആരും ഒരുസ്ഥാനത്തും വരാന്‍ പാടില്ലെന്നില്ലല്ലോ എന്നും അവിടെ യോഗ്യരായ പലരുമുണ്ടെന്നും അതില്‍ അസഹിഷ്ണുത പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."