വളപട്ടണം പാലം അറ്റകുറ്റപണികള്‍ അവസാന ഘട്ടത്തില്‍
പാപ്പിനിശ്ശേരി : വളപട്ടണം പാലത്തിലെ ഉപരിതലം ബലപ്പെടുത്തുന്ന ജോലികള്‍ അവസാന ഘട്ടത്തില്‍. പാലത്തിലെ സ്ലാബുകള്‍ക്കു ബലം നല്‍കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ ജോലികള്‍ അവസാനിച്ചു. പാലത്തിന്റെ ഇരുവശത്തും രണ്ടു ഘട്ടങ്ങളിലായി 15 എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ കോണ്‍ക്രീറ്റ് ജോലികളാണ് ഇന്നലെയോടെ പൂര്‍ത്തിയായത്. ഒരു വശത്തു ഭാഗികമായി 15 ജോയിന്റുകളുടെയും തകര്‍ന്ന സ്ലാബുകളുടെയും കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ കഴിഞ്ഞ ആറിനു പൂര്‍ത്തിയായിരുന്നു.
രണ്ടാം ഘട്ടമായി മറുവശത്ത് 14 നു തുടങ്ങിയ ബാക്കിയുള്ള എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞു. ഇതേ ഭാഗത്തു തകര്‍ന്ന സ്ലാബുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ ഇന്നലെ രാത്രി ആരംഭിച്ചു. കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഇന്നു കഴിയുന്നതോടെ പാലത്തിന്റെ മുകള്‍ ഭാഗത്തെ ടാറിങ് ഒഴികെയുള്ള ജോലികള്‍ അവസാനിക്കും.
ഈ ഭാഗത്തെ കോണ്‍ക്രീറ്റ് ഉറച്ചതിന് ശേഷം 25ഓടെ വാഹനങ്ങളെ കടത്തി വിടുന്നതിനു സൗകര്യമൊരുക്കും.
വെള്ളം അടിഭാഗത്തേക്ക് ഇറങ്ങാതിരിക്കാനുളള പ്രത്യേക ടാറിങ്ങ് മിശ്രിതം വാഹനങ്ങള്‍ക്കു തടസ്സമില്ലാതെ രാത്രി സമയങ്ങളില്‍ ചെയ്ത് തീര്‍ക്കും. ഇതിന്റെ ജോലികള്‍ കഴിയുന്നതോടെ മെക്കാഡം ടാറിങ്ങ് ജോലികളും നടക്കും. അതേ സമയം പാലത്തിന്റെ അടിഭാഗത്ത് സ്ലാബുകളും തൂണുകളും ബലപ്പെടുത്തുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."