കൗണ്‍സിലറുടെ സസ്‌പെന്‍ഷന്‍: തൊടുപുഴയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് സാധ്യത
തൊടുപുഴ: തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കൗണ്‍സിലറെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്ക് സാധ്യത. നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് ആക്ടിങ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദിന് തെരഞ്ഞെടുപ്പില്‍ ജയിച്ച തന്നോടുള്ള വൈരാഗ്യമാണ് സസ്‌പെന്‍ഷന് പിന്നിലെന്ന് 20-ാം വാര്‍ഡ് കൗണ്‍സിലര്‍ എം കെ ഷാഹുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തമായി ഇതുവരെ ഒരു തൊഴിലും ചെയ്യാത്ത ജാഫര്‍ഖാന്‍ മുഹമ്മദ് തന്നെ പണപ്പിരിവുകാരനെന്ന് ചിത്രീകരിക്കുകയാണെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു. തന്നെ സസ്‌പെന്റ് ചെയ്തതായി പത്രക്കുറിപ്പ് പുറത്തിറങ്ങി രണ്ടു ദിവസത്തിന് ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടുന്നത്. വൈസ് ചെയര്‍മാനുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഷാഹുല്‍ ഹമീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിക്ക് ജയസാധ്യതയില്ലാത്ത മുതലിയാര്‍മഠം വാര്‍ഡില്‍ താന്‍ രണ്ടു വട്ടവും ഒരു തവണ ഭാര്യയും വിജയിച്ചത് വ്യക്തി ബന്ധം കൊണ്ടാണ്. ഒരു വര്‍ഷത്തേക്കെങ്കിലും വൈസ് ചെയര്‍മാന്‍ പദവി നല്‍കണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിലെ ഭൂരിഭാഗത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. ആക്ടിംഗ് ബ്ലോക്ക് പ്രസിഡന്റ് ഡി.സി.സി പ്രസിഡന്റിനെ സ്വാധീനിച്ച് ഇത് അട്ടിമറിക്കുകയായിരുന്നു.
താന്‍ മുന്‍കൈയെടുത്ത് കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനം നടത്തിയതും എ വിഭാഗക്കാരനായ ആക്ടിംഗ് പ്രസിഡന്റ് അടക്കമുളളവരെ ചൊടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഡി.സി.സി പ്രസിഡന്റിനെ നേരില്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.എസ്.അശോകന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ നിന്നും ഒരു വിഭാഗം നേതാക്കള്‍ വിട്ടു നിന്നു.
താന്‍ അനധികൃത പണപ്പിരിവ് നടത്തിയതിന് തെളിവു നല്‍കിയാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാം. ലക്ഷങ്ങള്‍ വെട്ടിച്ചതിന് ഒളിവില്‍ കഴിയുന്ന ഡി.സി.സി നേതാവിനും ചൂതുകളിക്ക് പിടിയിലായ മറ്റൊരു ഡി.സി.സി നേതാവിനും എതിരെ നടപടി എടുക്കാന്‍ മടിക്കുന്നവരാണ് തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് ചേര്‍ന്ന കൗണ്‍സിലില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായി തെളിവുണ്ട്. കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് പാര്‍ക്ക് നവീകരണവും മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും. ഇതിലെ അഴിമതി വിജിലന്‍സ് അന്വേഷണത്തിന് വിടണം. തന്റെ വാര്‍ഡിലെ കുടിവെളള പദ്ധതിക്ക് പണം അനുവദിക്കാതെ പാര്‍ക്ക് നവീകരണത്തിന് പണം വഴിവിട്ട് ചെലവിട്ടതിനെതിരെ പ്രതിഷേധം തുടരും. ഓഫീസ് സമയത്തിന് ശേഷം രാത്രി വൈകും വരെ വൈസ് ചെയര്‍മാന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതില്‍ ദുരൂഹതയുണ്ട്.
പറഞ്ഞഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് നിയോഗിച്ച ബാലന്‍ പിളള കമ്മിഷന്‍ ഇതു വരെ തന്റെ വിശദീകരണം തേടിയിട്ടില്ല. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്ന് പറഞ്ഞ ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുമെന്നും വ്യക്തമാക്കി.
എന്നാല്‍ ഷാഹുലിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നും ഡി സി സി പ്രസിഡന്റ് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് ആക്ടിങ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."