അരീക്കാട് ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്നവസാനിക്കും; പ്രതീക്ഷയോടെ ഇരുമുന്നണികളും
ഫറോക്ക്: കോര്‍പ്പറേഷന്‍ 41-ാം ഡിവിഷന്‍ അരീക്കാടില്‍ വെളളിയാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നു അവസാനിക്കും. പ്രചരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വി.കെ.സി മമ്മദ്‌കോയ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ചതിനെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞ പ്രാവശ്യം വാശിയേറിയ പോരാട്ടത്തില്‍ വി.കെ.സിയോടു നേരിയ വോട്ടിനു പരാജയപ്പെട്ട സയ്യിദ് മുഹമ്മദ് ഷമീലാണ് യു.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ടി. മൊയ്തീന്‍കോയയും ബി.ജെ.പിക്കായി അനില്‍കുമാറുമാണ് മത്സരിക്കുന്നത്. 202 വോട്ടിനാണ് വി.കെ.സി നിലവില്‍ മത്സര രംഗത്തുളള യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 5325 വോട്ടില്‍ 1848 വോട്ടുകള്‍ എല്‍.ഡി.എഫിനും 1646 വോട്ടു യു.ഡി.എഫിനും ലഭിച്ചു. ഇരു മുന്നണികള്‍ക്കുമായി സംസ്ഥാന നേതാക്കള്‍ തന്നെ പ്രചരണത്തിനായി ഇതിനോടകം ഡിവിഷിനിലെത്തിയിട്ടുണ്ട്. ഇരുമുന്നണികള്‍ക്കുമായി ജനപത്രിനിധികള്‍ കൂട്ടത്തോടെ സ്വകാഡ് വര്‍ക്കുമായി ഡിവിഷിനിലെത്തി. വീടുകള്‍ കയറിയിറിങ്ങിയുളള വോട്ടഭ്യര്‍ഥനക്കാണ് ഇരുസ്ഥാനാര്‍ഥികളും പ്രാധാന്യം നല്‍കിയത്. അഞ്ചു വര്‍ഷം സേവിക്കാമെന്നു പറഞ്ഞു വോട്ടു വാങ്ങി വിജയിച്ചു പോയി ആറ് മാസം തികയുന്നതിനു മുന്‍പെകൗണ്‍സില്‍ സ്ഥാനം രാജിവച്ചു ജനങ്ങളെ പറ്റിക്കുകയായിരുന്നു എല്‍.ഡി.എഫെന്നാണ് യു.ഡി.എഫിന്റെ മുഖ്യപ്രചരണം. കാലാകാലങ്ങളില്‍ വോട്ടു വാങ്ങി വിജയിച്ചു പോകുന്നതല്ലാതെ ഡിവിഷനിലെ രോഗം പരത്തുന്ന വിഷവാഹിനിയായ മാങ്കുനിത്തോട്, ഉളളിശേരിക്കുന്നിലെ തോട് ഇവ മാലിന്യ മുക്തമാക്കുന്നതിനോ, നീറുന്ന പ്രശ്‌നമായ കുടിവെളള വിഷയത്തിലോ യാതൊരു പരിഹാരവും ഇതുവരെ കണ്ടിട്ടില്ല. ഇതില്‍ നിന്നെല്ലാം ജനം മാറ്റം ആഗ്രഹിക്കുന്നതായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷമീല്‍ പറയുന്നത്.
സംസ്ഥാനവും കോര്‍പ്പറേഷനും ഭരിക്കുന്നത് എല്‍.ഡി.എഫായത് കൊണ്ട് ഡിവിഷനില്‍ വികസനം കൊണ്ടുവരാന്‍ തങ്ങളെ വിജയപ്പിക്കണമെന്നാണ് എല്‍.ഡി.എഫിന്റെ പ്രചരണം. കുടിവെള്ളം, അഴുക്ക്ചാല്‍, ഫൂട്ട്പാത്ത് എന്നീ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എത്രയും വേഗം കാണുമെന്നാണ് എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് മുന്‍പാകെ വെക്കുന്ന വാഗ്ദാനം.
പുതിയ വോട്ടേഴ്‌സ് ലിസ്റ്റ് പ്രകാരം 6,500 വോട്ടര്‍മാരാണ് ഡിവിഷനിലുളളത്. 3,100 സ്ത്രീ വോട്ടര്‍മാരും 3,400 പുരുഷ വോട്ടര്‍മാരുമാണ്. ഡിവിഷനില്‍ അഞ്ച് ബൂത്തുകളാണ്. ഒന്ന്, മൂന്ന്, നാല്, അഞ്ച് ബൂത്തുകള്‍ അരീക്കാട് എല്‍.പി.സ്‌കൂളിലും രണ്ടാം ബൂത്ത് ദേവദാസ് സ്‌കൂളിലുമാണ്. കഴിഞ്ഞ തവണ മത്സരിച്ച എ.എ.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ മത്സരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."