'മാറ്റൊലി' റേഡിയോ മനുഷ്യാവകാശ പുരസ്‌കാരം നല്‍കുന്നു
കല്‍പ്പറ്റ: മാറ്റൊലി കമ്യൂണിറ്റി റേഡിയോ 'മാറ്റൊലി മനുഷ്യാവകാശ പുരസ്‌കാരം' എന്ന പേരില്‍ മാധ്യമ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. ജില്ലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പൊതുശ്രദ്ധയിലെത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതെന്ന് ഡയറക്ടര്‍ ഫാ. സെബാസ്റ്റിയന്‍ പുത്തേന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയിലെ വിവിധ മനുഷ്യാവകാശ ധ്വംസനങ്ങളെ ആസ്പദമാക്കി 2015 നവംബര്‍ ഒന്നിനും, ഈ മാസം 31നും ഇടയില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളാവണം പുരസ്‌കാരത്തിനായി അയക്കേണ്ടത്. പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയിലേതെങ്കിലും പ്രസിദ്ധീകരിച്ച പരമ്പര, വാര്‍ത്താ ചിത്രം, റിപ്പോര്‍ട്ട് എന്നിവയാണ് പരിഗണിക്കുക.
പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ പേര്, പ്രസിദ്ധീകരണ തീയതി, ലേഖകന്റെ പേര്, വിലാസം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ എന്നിവയും സ്വന്തം സാക്ഷ്യപത്രം ഉള്‍പ്പെടുന്ന ആമുഖം എന്നിവയും എന്‍ട്രിയോടൊപ്പം അയക്കണം. പത്രമാധ്യമമാണെങ്കില്‍ വാര്‍ത്തയുടെ ഒറിജിനലും, രണ്ടു ഫോട്ടോ കോപ്പികളും, ഇലക്‌ട്രോണിക്കല്‍ മീഡിയ ആണെങ്കില്‍ മൂന്ന് സിഡി കോപ്പികളും ഉള്ളടക്കം ചെയ്യണം. മത്സരത്തിനയക്കുന്ന എന്‍ട്രികള്‍ക്കൊപ്പം മാധ്യമ മേധാവിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ എന്‍ട്രികള്‍ അയക്കാം.
നവംബര്‍ അഞ്ചിനകം റേഡിയോ മാറ്റൊലിയില്‍ എന്‍ട്രികള്‍ ലഭിക്കണം. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവുമാണ് തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക് ലഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് കമ്മിറ്റി അംഗം അഡ്വ.സ്റ്റീഫന്‍ മാത്യു, അസി. ഡയറക്ടര്‍ ഫാ. മനോജ് കാക്കോനാല്‍, റെനീഷ് ആര്യപ്പിള്ളില്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."