മോഴയാനയെ മുതുമലയിലേക്ക് കൊണ്ടുപോകണമെന്ന്
പാട്ടവയല്‍: ബിദര്‍ക്കാട് മുക്കട്ടിയില്‍ കാടിറങ്ങിയ മോഴയാനയെ മുതുമല ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. താപ്പാനകളെ ഉപയോഗിച്ച് തളച്ച് മുതുമലയിലേക്ക് കൊണ്ടുപോകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഒരാഴ്ചയിലേറെയായി ഒറ്റയാന്‍ ബിദര്‍ക്കാട്, മുക്കട്ടി, ചോലാടി, ബെക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. റോഡിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരിക്കുകയാണ് ആന.
വനംവകുപ്പ് ആനയെ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം ആന മുക്കട്ടയിലെ ശിവരാജിന്റെ വീട്ടുമുറ്റത്തെത്തി. തുടര്‍ന്ന് മുറ്റത്തെ തെങ്ങ് മറിച്ചിട്ടു. വൈകുന്നേരമായിട്ടും ഇവിടെ നിന്നും പിന്‍മാറാന്‍ ആന കൂട്ടാക്കിയിട്ടില്ല. ഏത് നിമിഷമാണ് ആന അക്രമാസക്തമാവുകയെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഭീതിയോടെ കഴിയുകയാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസം റോഡിലിറങ്ങിയ മോഴയാന ഏറെ നേരം റോഡില്‍ നിലയുറപ്പിച്ചിരുന്നു. ആനക്ക് വനംവകുപ്പ് ജീവനക്കാര്‍ വെള്ളവും കരിമ്പും നല്‍കി വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം നടത്തിയെങ്കിലും അന്ന് വിജയിച്ചിരുന്നില്ല.
അല്‍പദൂരം പോയ ആന വീണ്ടും റോഡിലേക്കിറങ്ങി ബിദര്‍ക്കാട് റെയിഞ്ച് ഓഫിസിന് സമീപത്തെ കുറ്റിക്കാട്ടില്‍ തമ്പടിക്കുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട വനംവകുപ്പ് ഈ വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."