ഒബാമയുടെ അര്‍ധസഹോദരനെ 'ചാക്കിലാക്കി' ട്രംപ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ അവസാനഘട്ട സംവാദത്തിലേക്ക് ഒബാമയുടെ അര്‍ധസഹോദരനെ ട്രംപ് ക്ഷണിച്ചു. കെനിയന്‍ വംശജനായ യു.എസ് പൗരന്‍ മാലിക് ഒബാമയാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്.
തന്റെ സഹോദരനെക്കാള്‍ നല്ലത് ട്രംപാണെന്ന് പറഞ്ഞ മാലിക് കഴിഞ്ഞ ജൂലൈയില്‍ തന്നെ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭീകരവാദത്തിനെതിരേയുള്ള ട്രംപിന്റെ നിലപാടാണ് പിന്തുണയ്ക്ക് കാരണമെന്ന് മാലിക് പറയുന്നു. ഇസ്്‌ലാമിന്റെ പേരില്‍ നടക്കുന്ന ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ ട്രംപിന് കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.
ലാസ്്‌വേഗാസില്‍ ഇന്ന് ( യു.എസില്‍ ബുധനാഴ്ച രാത്രി)യാണ് അവസാന സംവാദം. നേരത്തെ രണ്ടു സംവാദത്തിലും ട്രംപ് പരാജയപ്പെട്ടിരുന്നു. പിന്നീട് ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയും വിഡിയോയും പുറത്തുവരികയും ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി ഏഴ് സ്ത്രീകളും രംഗത്തുവന്നതോടെ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിയുകയും സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ കൈവിടുകയും ചെയ്തു. നിലവില്‍ ഹിലരിയേക്കാള്‍ 10 പോയിന്റ് ജനപിന്തുണ ട്രംപിന് കുറവാണ്. ഈ സാഹചര്യത്തില്‍ ട്രംപ് പിടിച്ചുനില്‍ക്കാന്‍ പല അടവുകളും പ്രയോഗിച്ചിരുന്നു.
മുസ്്‌ലിമായ ഒബാമയുടെ സഹോദരനെ സംവാദവേദിയിലെത്തിച്ച് ഒബാമയ്ക്ക് തിരിച്ചടി നല്‍കാനാണ് നീക്കമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ട്രംപ് മറ്റുള്ളവരെ കുറ്റംപറയുന്നത് നിര്‍ത്തണമെന്നും ഇത് ഒരു നേതാവിന് ചേര്‍ന്നതല്ലെന്നും ഒബാമ പറഞ്ഞു. വോട്ട് നേടാനാണ് ട്രംപ് ശ്രദ്ധിക്കേണ്ടത്. ഹിലരി അഴിമതിക്കാരിയാണെന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒബാമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."