വണ്ടൂര്‍ ഫെസ്റ്റിന് അനുമതി നിഷേധിച്ചു; സര്‍ക്കസ് കൂടാരം പൊളിച്ച് മാറ്റുന്നു
വണ്ടൂര്‍: സര്‍ക്കസ് ഫെസ്റ്റിന് അനുമതി നിഷേധിച്ചത് കാരണം വണ്ടൂരിലെത്തിയ കലാകാരന്‍മാര്‍ മടങ്ങുന്നു. കാര്‍ണിവലിനു ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും കാരണങ്ങളേതുമില്ലാതെ അനുമതി നിഷേധിച്ച പഞ്ചായത്തധികൃതരുടെ കനിവിനായി ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ഉദ്യോഗസ്ഥന്റെ പിടിവാശി മൂലം അനുമതി ലഭിച്ചില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചത് നല്‍കാത്തതാണ് സെക്രട്ടറി അനുമതി നിഷേധിക്കാന്‍ കാരണമായത്.
ഒക്ടോബര്‍ രണ്ടിനു തുടങ്ങാനിരുന്ന പരിപാടിക്കായി സെപ്റ്റംബര്‍ 23നാണ് കാര്‍ണിവല്‍ കമ്മിറ്റി അനുമതിക്കുള്ള അപേക്ഷ നല്‍കിയത്. നിര്‍മാണ പ്രവൃത്തിയുടെ അവസാന ഘട്ടത്തില്‍ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. കാരണമന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ കാര്യങ്ങള്‍ അനന്തമായി നീട്ടി കൊണ്ടു പോവുകയായിരുന്നു.
ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അറുപതോളം കാലാകാരന്‍മാരടങ്ങിയ കാര്‍ണിവല്‍ സംഘം ദുരുതത്തിലായതായി ഭാരവാഹികള്‍ പറഞ്ഞു. ദിവസവും പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് കാര്‍ണിവല്‍ സംഘത്തിന് ഉണ്ടായത്. എന്നു അനുമതി നല്‍കുമെന്ന ചോദ്യത്തിനു പോലും വ്യക്തമായ മറുപടി ലഭിച്ചില്ല.
ഇതുകാരണം നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കിയ സര്‍ക്കസ് കൂടാരം പൊളിച്ചുനീക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. കാര്‍ണിവലിനു അനുമതി ലഭിക്കാന്‍ വേണ്ടി 23 ദിവസത്തോളം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും പുഴുക്കള്‍ക്ക് നല്‍കുന്ന പരിഗണന പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സംഘാടകര്‍ കുറ്റപ്പെടുത്തി. സെക്രട്ടറി ആവശ്യപെട്ട പണം നല്‍കാത്തതാണ് ദുരിതത്തിന് കാരണമായതെന്നും പബ്ലിസിറ്റി കണ്‍വീനര്‍ സി.അലി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസര്‍ സ്റ്റീഫന്‍ തോമസ്, മാനേജര്‍ കെ മുഹമ്മദ് അലി, സി.അലി, കുമ്മാളി ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."