ചോക്കാട് പഞ്ചായത്ത് : 16 വര്‍ഷത്തിനിടയില്‍ നേരിട്ടത് നാലാമത്തെ അവിശ്വാസ പ്രമേയം
കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ 16 വര്‍ഷത്തിനിടയില്‍ നേരിട്ടതുനാലാമത്തെ അവിശ്വാസ പ്രമേയ ചര്‍ച്ച. 2000ലാണു കാളികാവു ഗ്രാമപഞ്ചായത്തില്‍ നിന്നു വിഭജിച്ച ചോക്കാട് ഗ്രാമപഞ്ചായത്തുണ്ടായത്. 2000-2005 ലെ പ്രഥമ ഭരണ സമിതിയും 2010-2015 വര്‍ഷത്തെ രണ്ടാമത്തെ ഭരണ സമിതിയും 2015-16 ലെ നിലവിലെ ഭരണ സമിതിയും അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. നാലാമത്തെ ഭരണ സമിതിയില്‍ കഴിഞ്ഞ ഒന്‍പതു മാസമാണു സി.പി.എമ്മിന് ഭരണം ലഭിച്ചത്.
2000 ലെ ഭരണ സമിതിയില്‍ പ്രസിഡന്റ് മുസ്‌ലീം ലീഗിലെ പി.ഖാലിദ് മാസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസ് വിമത അംഗം പിന്തുണക്കുമെന്ന പ്രതീക്ഷയില്‍ സി.പി.എമ്മാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രമേയ ചര്‍ച്ചക്കെടുത്ത ദിവസം വിമത അംഗം ഹാജരാകാതിരുന്നതിനാല്‍ പി.ഖാലിദ് മാസ്റ്റര്‍ ഭരണം തുടരുകയും ചെയ്തു.
2010-15ല്‍ വിചിത്ര സംഭവങ്ങളാണുണ്ടായത്. രണ്ടു തവണയാണ് അവിശ്വാസ പ്രമേയം നല്‍കിയത്. മുസ്‌ലീം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു തുടക്കം കുറിച്ചത് ഈ ഭരണ സമിതിയിലാണ്. ലീഗിന് അനിഷ്ടമുള്ളയാളെ പ്രസിഡന്റ് സ്ഥാനാഥിയാക്കിയതിനാല്‍ മുസ്‌ലീംലീഗിലെ പി.അബ്ദുല്‍ ഹമീദ് പ്രസിഡന്റ് പദവി ഒഴിഞ്ഞു കൊടുക്കാതിരിക്കുകയായിരുന്നു. തുടര്‍ന്നു കോണ്‍ഗ്രസാണ് അവിശ്വാസത്തിനു നോട്ടിസ് നല്‍കിയത്.
മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും എട്ട് അംഗങ്ങള്‍ വീതമുള്ള ഭരണസമിതിയില്‍ രണ്ട് അംഗങ്ങളുള്ള സി.പി.എം പുറമെ നിന്നുള്ള കളികളിലൂടെ ഇരുവിഭാഗത്തേയും പിന്തുണച്ചു. മുസ്ലീം ലീഗിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഒരു വോട്ടിന്റെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. കെ.അബ്ദുല്‍ഹമീദിനെ മാറ്റി കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പ്രസിഡന്റായി. ഒരു വര്‍ഷം തികയും മുമ്പ് ഉണ്ണികൃഷ്ണനെതിരെ മുസ്‌ലീം ലീഗ് അവിശ്വാസ നോട്ടിസ് നല്‍കി. പ്രമേയം ചര്‍ച്ച ചെയ്ത യോഗത്തില്‍ കോണ്‍ഗ്രസിലെ ഒരു അംഗം പങ്കെടുക്കാത്തതിനാല്‍ മുസ്‌ലീം ലീഗ് വിജയിച്ചു. പൈനാട്ടില്‍ അശ്‌റഫ് പ്രസിഡന്റാവുകയും ചെയ്തു.
പിണങ്ങി നില്‍ക്കുന്ന മുസ്‌ലീംലീഗും കോണ്‍ഗ്രസും വീണ്ടും ഒന്നിച്ചതോടെ ചോക്കാടു ഗ്രാമപഞ്ചായത്ത് ബുധനാഴ്ച വീണ്ടും ഒരു അവിശ്വാസ പ്രമേയ ചര്‍ച്ചക്കു കൂടി ഇരുകൂട്ടരും ഒരുമിച്ചതിലൂടെ സി.പി.എമ്മിനു ഭരണം നഷ്ടപ്പെടുകയും ചെയ്തു. നാലാമത്തെ ഭരണ സമിതി ആയപ്പോഴേക്കും നാല് അവിശ്വാസ പ്രമേയങ്ങള്‍ നേരിടേണ്ടി വന്ന ജില്ലയിലെ ഏക ഗ്രാമ പഞ്ചായത്തായി ചോക്കാട് മാറിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്പരമുള്ള പകപോക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാണു പ്രതികൂലമായി ബാധിക്കുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."