ചോക്കാട്ട് ഇനി ലീഗ്, കോണ്‍ഗ്രസ് ഭായിഭായി
കാളികാവ്: മുസ്ലിംലീഗും സി.പി.എമ്മും ചേര്‍ന്നു ഭരണം നടത്തിയിരുന്ന ചോക്കാട് ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിനു ഭരണം നഷ്ടമായി. മുസ്ലിംലീഗും കോണ്‍ഗ്രസും ഒരുമിച്ചതോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെപ്രസിഡന്റായിരുന്ന സി.പി.എമ്മിലെ ഷാഹിന ഗഫൂറിനു സ്ഥാനംനഷ്ടമായി. യു.ഡി.എഫിലെ പിണക്കത്തെത്തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും ചേരിതിരിഞ്ഞാണു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 18 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് എട്ടും മുസ്ലീംലീഗിന് നാലും സി.പി.എമ്മിന് ആറും അംഗങ്ങളാണുള്ളത്.
മുസ്ലിംലീഗിന്റെ പിന്തുണയോടെയാണു സി.പി.എമ്മിനു ഭരണം ലഭിച്ചത്. പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്കിയ അവിശ്വാസ പ്രമേയത്തെ മുസ്ലിംലീഗ് അംഗങ്ങള്‍ പിന്തുണച്ചു. സി.പി.എമ്മിലെ പ്രസിഡന്റിനെതിരേ യു.ഡി.എഫ് പക്ഷത്തെ 12 അംഗങ്ങളും വോട്ടു ചെയ്തു. സി.പി.എമ്മിന് ആറ് അംഗങ്ങളുടെ വോട്ടുമാണ് ലഭിച്ചത്.
യു.ഡി.എഫ് ധാരണ പ്രകാരം ആദ്യത്തെ രണ്ടുവര്‍ഷം പ്രസിഡന്റ് പദവി കോണ്‍ഗ്രസിനും തുടര്‍ന്നു രണ്ടു വര്‍ഷം മുസ്ലീം ലീഗിനും നല്‍കും. മുതിര്‍ന്ന അംഗമായ അന്നമ്മ മാത്യുവിനെയാണു പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
വൈസ് പ്രസിഡന്റ് പദവി ആദ്യത്തെ രണ്ട് വര്‍ഷം മുസ്ലീം ലീഗിനാണു ലഭിക്കുക.മുന്നണി ബന്ധത്തിന് എതിരായി നില്‍ക്കുന്നവരെ ഇരു പാര്‍ട്ടികളില്‍ നിന്നും പുറത്താക്കാനും വരും തിരഞ്ഞെടുപ്പുകളില്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനമാനങ്ങള്‍ പരസ്പരം വീതം വെക്കാനും യു.ഡി.എഫ് ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."