ജേക്കബ് തോമസിനെതിരേയുള്ള ആരോപണം ചീഫ് സെക്രട്ടറി അന്വേഷിക്കും
റിപോര്‍ട്ട് പുറത്തുവന്നതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരേ പുറത്തുവന്ന ധനകാര്യ പരിശോധനാ റിപോര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ച് വിവരം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് നിര്‍ദേശം നല്‍കി. ഇന്നലെ വിജിലന്‍സ് ഡയരക്ടര്‍ നല്‍കിയ കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും പങ്കെടുത്തു.
ചില ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തനിയ്‌ക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളുമായി രംഗത്തുണ്ടെന്നും അതിന് ഒരു അവസാനം വേണമെന്നും, വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഈ ലോബികള്‍ അനുവദിക്കില്ലെന്നും തനിയ്‌ക്കെതിരേ പുറത്തുവന്ന റിപോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ താന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതാണെന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ജേക്കബ് തോമസ് ആരോപിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കാനാണ് ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതിനിടെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പ് തയാറാക്കിയ റിപോര്‍ട്ട് വേണ്ടത്ര കൂടിയാലോചനയില്ലാതെ തുറമുഖ വകുപ്പിന് നടപടിക്കായി സമര്‍പിച്ച നടപടിയില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഐ.എ.എസ് തലപ്പത്ത് നടന്ന ഇത്തരം നീക്കങ്ങള്‍ വളരെ ഗൗരവകരമായാണ് മുഖ്യമന്ത്രി കാണുന്നത്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ്, ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം അടക്കമുള്ള ഉന്നതര്‍ക്കെതിരേ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് കേസെടുത്ത് കര്‍ക്കശമായ നിലപാടുമായി മുന്നോട്ടു പോവുന്നതാണ് ഒരു വിഭാഗം ഐ.എ.എസുകാരെ ചൊടിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ധനകാര്യ റിപോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതിനായി വിവരാവകാശ പ്രകാരം വിവരങ്ങള്‍ കൈമാറിയതും വ്യക്തമായ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഇത്തരം കോണ്‍ഫിഡന്‍ഷ്യല്‍ റിപോര്‍ട്ടുകള്‍ മിക്കതും വിവരാവകാശ പ്രകാരം ആരു ചോദിച്ചാലും പല വകുപ്പുകളും നിലവില്‍ നല്‍കാറില്ല. റിപോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാരിനെയും ജേക്കബ് തോമസിനെയും പ്രതിരോധത്തിലാക്കുക എന്നതായിരുന്നു തന്ത്രമെന്നും കണക്കുകൂട്ടലുണ്ട്.
യു.ഡി.എഫ് സര്‍ക്കാരുമായി ഇടഞ്ഞുനിന്ന ജേക്കബ് തോമസിനെ പൂട്ടാന്‍ അന്ന് വിജിലന്‍സ് ഡയരക്ടറുടെ മേല്‍നോട്ടത്തില്‍ ഒരു കോണ്‍ഫിഡന്‍ഷ്യല്‍ എന്‍ക്വയറിയും (രഹസ്യാന്വേഷണം) രണ്ട് ത്വരിതാന്വേഷണങ്ങളും നടത്തിയെങ്കിലും ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് കണ്ടെത്താനായിരുന്നില്ല. പരാതികളിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തി മൂന്ന് അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
'ജേക്കബ് തോമസിന്റെ രാജിപ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടലില്ല'
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് രാജി സന്നദ്ധത അറിയിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം സി.പി.എം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
രമേശ് ചെന്നിത്തല സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമല്ല. ഈ വിഷയത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. വിജിലന്‍സ് ഡയരക്ടറെ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണും അതു പാര്‍ട്ടി അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ജേക്കബ് തോമസിന്റെ രാജി സി.പി.എം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തേ ക്ലിഫ്ഹൗസില്‍ കറങ്ങി നടന്ന തത്ത ഇപ്പോള്‍ എ.കെ.ജി സെന്ററില്‍ കറങ്ങി നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ആരോപണങ്ങള്‍ക്കു പിന്നില്‍ മാണിയും ബാബുവും: വി.എസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ മുന്‍ മന്ത്രിമാരായ കെ.എം മാണിയും കെ. ബാബുവുമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.
വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരരുതെന്ന് ആഗ്രഹിക്കുന്നവരാണ് മാണിയും ബാബുവും. മാന്യമായി ജോലി ചെയ്യാന്‍ ജേക്കബ് തോമസിനെ ചിലര്‍ അനുവദിക്കുന്നില്ല. ജേക്കബ് തോമസ് വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് തുടരണമെന്നും വി.എസ് ആവശ്യപ്പെട്ടു. വനിതാ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ ചീഫ് ജസ്റ്റിസിന് കത്തയയ്ക്കുമെന്നും വി.എസ് പറഞ്ഞു. കോടതികളിലെ മാധ്യമ വിലക്കില്‍ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.
-------------------------------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."