തെരുവുനായശല്യം: തദ്ദേശ സ്ഥാപനങ്ങള്‍ മൗനം പാലിക്കുന്നു
കിനാലൂര്‍: മലയോര മേഖലയിലും നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ എട്ടു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവുനായ ശല്യം രൂക്ഷമായിട്ടും ഇതിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ മൗനം പാലിക്കുകയാണ്. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം തെരുവുനായ ശല്യം വ്യാപകമാണ്. ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായയില്‍ നിന്ന് രക്ഷയില്ലാതാവുകയാണ്. ബാലുശ്ശേരി, കൊയിലാണ്ടി, താമരശ്ശേരി എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ തെരുവുനായയുടെ കടിയേറ്റു ചികിത്സ തേടുന്നവര്‍ നിത്യസംഭവമാണ്.
മാംസത്തിന്റെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇതിനു കാരണം. ഇത്തരക്കാരുടെ കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തുകള്‍ തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അങ്കണവാടി, സ്‌കൂള്‍ പരിസരങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.
രക്ഷിതാക്കള്‍ ഭീതിയോടെയാണ് കുട്ടികളെ സ്‌കൂളുകളിലേക്കയക്കുന്നത്. അതിരാവിലെ ജോലിക്കിറങ്ങുന്ന പത്രവിതരണക്കാരും ക്ഷീരകര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ഏറെ ഭയന്നാണ് സഞ്ചരിക്കുന്നത്. എന്നാല്‍ തെരുവുനായ്ക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു നിരവധി പരാതികളാണ് പഞ്ചായത്തുകളില്‍ ലഭിക്കുന്നതെന്നും ഭരണസമിതി നടപടി സ്വീകരിക്കാത്തത് കോടതി വിധി പേടിച്ചാണെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നു.
തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ പഞ്ചായത്തില്‍ നിലവില്‍ ഫണ്ടില്ലാത്ത അവസ്ഥയില്ലെന്നും സര്‍ക്കാര്‍ അനുമതിയും നിയമക്കുരുക്കും വിലങ്ങുതടിയാവുകയാണെന്നും പഞ്ചായത്ത് അധികൃതര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."